Site icon CTV Online

നവംബറില്‍ ക്ഷേമപെന്‍ഷന്‍ 3600രൂപ; 20 മുതല്‍ പെന്‍ഷന്‍ വിതരണം ആരംഭിക്കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: ഈ മാസം ക്ഷേമ പെന്‍ഷന്‍ ഇനത്തില്‍ ഓരോരുത്തര്‍ക്കും 3600 രൂപ വീതം ലഭിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഇതിനായി 1864 കോടി രൂപ അനുവദിച്ചു. നവംബര്‍ 20 മുതല്‍ പെന്‍ഷന്‍ വിതരണം സംസ്ഥാനത്ത് ആരംഭിക്കും. നവംബര്‍ മാസത്തെ വര്‍ദ്ധിപ്പിച്ച പെന്‍ഷന്‍ തുകയായ 2000 രൂപയോടൊപ്പം നിലവില്‍ ബാക്കിയുള്ള ഒരു ഗഡു കുടിശ്ശിക 1600 രൂപയും ചേര്‍ത്താണ് 3600 രൂപ നല്‍കുന്നത്.

വര്‍ധിപ്പിച്ച പെന്‍ഷന്‍ വിതരണത്തിന് 1042 കോടി രൂപയും ഒരു ഗഡു കുടിശിക വിതരണത്തിന് 824 കോടി രൂപയുമാണ് അനുവദിച്ചത്. ഇതോടെ ക്ഷേമ പെന്‍ഷന്‍ കുടിശിക പൂര്‍ണമായും കൊടുത്തു തീര്‍ക്കുകുകയാണെന്നും മന്ത്രി വ്യക്തമാക്കി. പ്രഖ്യാപിച്ച ആനുകൂല്യങ്ങളെല്ലാം സമയബന്ധിതമായി നല്‍കുമെന്നതില്‍ വിട്ടുവീഴ്ചയില്ലാതെ മുന്നേറുകയാണ് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ നയ സമീപനങ്ങളുടെ ഭാഗമായി 2023-24 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനം നേരിടേണ്ടിവന്ന കടുത്ത സാമ്പത്തിക ഞെരുക്കത്തിന്റെ പശ്ചാത്തലത്തിലാണ് ക്ഷേമ പെന്‍ഷന്‍ അഞ്ചു ഗഡു കുടിശികയായത്. അവയുടെ വിതരണത്തിനായുള്ള സമയക്രമം 2024 ജൂലൈയില്‍ മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. അത് അനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കുടിശികയുടെ രണ്ടു ഗഡുക്കള്‍ നല്‍കി. ഈ സാമ്പത്തിക വര്‍ഷത്തിന്റെ പകുതിയില്‍ തന്നെ ബാക്കിയുള്ളതില്‍ രണ്ടു ഗഡുക്കളുടെയും വിതരണം പൂര്‍ത്തിയാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അവസാന ഗഡു കുടിശികയും നല്‍കുന്നത്. 2024 ഏപ്രില്‍ മുതല്‍ അതാത് മാസം തന്നെ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ കൈകളിലെത്തുന്നു.

ഇന്ത്യയില്‍ കേരളത്തില്‍ മാത്രമാണ് ഇത്രയേറെ വിപുലമായ ഒരു സാമൂഹൃ സുരക്ഷാ പദ്ധതിയുള്ളത്. സാര്‍വ്വത്രിക ക്ഷേമ പെന്‍ഷന്‍ ഉറപ്പാക്കിയ ഏക സംസ്ഥാനം കേരളമാണ്. പ്രതിമാസം മുടക്കമില്ലാതെ 62 ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുന്നത്. ഗുണഭോക്താക്കളില്‍ പകുതിയോളം പേര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴിയും, ബാക്കിയുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലും പെന്‍ഷന്‍ എത്തിക്കുന്നു. വര്‍ധിപ്പിച്ച പെന്‍ഷന്‍ വിതരണത്തിന് പ്രതിമാസം 1050 കോടിയോളം രൂപ വേണ്ടി വരും.

പ്രതിവര്‍ഷ ചെലവ് 13,000 കോടിയോളം രൂപ വകയിരുത്തണം. ഈ സര്‍ക്കാര്‍ ഇതുവരെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് അനുവദിച്ചത് 45,517 കോടി രൂപയാണ്. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലയളവില്‍ 35,154 കോടി രൂപ വിതരണം ചെയ്തു. ഇത് 2011-16 കാലത്തെ 18 മാസത്തെ കുടിശ്ശികയുള്‍പ്പെടെയാണ്. ഒമ്പതര വര്‍ഷംകൊണ്ട് സര്‍ക്കാര്‍ ചെലവിട്ടത് 80, 671 കോടി രൂപ.

Exit mobile version