തൊഴിൽ അന്വേഷകർക്കായി സ്റ്റെപ്പ് അപ്പ് ക്യാമ്പയിൻ

newsdesk

കോഴിക്കോട്: അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കാൻ ശ്രമിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ കേരള നോളജ് ഇക്കോണമി മിഷൻ (കെകെഇഎം). ഇതിനായി മിഷൻ ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് ഡിജിറ്റൽ വർക്ക്ഫോഴ്‌സ് മാനേജ്മെന്റ് സിസ്റ്റം (ഡി ഡബ്ല്യു എം എസ്). പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് സൗജന്യമായ സ്കിൽ പരിശീലനവും ലഭ്യമാകും. പതിനെട്ടു വയസ് പൂർത്തിയായ പ്ലസ്ടു അടിസ്ഥാന യോഗ്യതയുള്ളവർക്ക് ഈ പോർട്ടൽ മുഖേന രജിസ്റ്റർ ചെയ്യാം. ഡി ഡബ്ല്യു എം എസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനായി ആരംഭിച്ച ജില്ലയിലെ സ്റ്റെപ്പ് അപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു. തൊഴിൽ അന്വേഷക അഭിരാമിയെ ഡി ഡബ്ല്യു എം എസ് പോർട്ടലിലേക്ക് രജിസ്റ്റർ ചെയ്യിപ്പിച്ചുകൊണ്ടാണ് ഉദ്ഘാടനം ചെയ്തത്. ഈ അവസരം എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു.

സ്റ്റെപ് – അപ്പ്‌ എന്ന പേരിൽ കുടുംബശ്രീ മിഷൻ, യുവജന ക്ഷേമ ബോർഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സംയുക്താഭിമുഖത്തിലാണ് ഡി ഡബ്ല്യു എം എസ് രജിസ്ട്രേഷൻ ക്യാമ്പയിൻ നവംബർ ഒന്ന് മുതൽ 30 വരെ നടക്കുന്നത്. ഡി ഡബ്ലിയു എം എസ് മൊബൈൽ ആപ്പിൽ രജിസ്ട്രേഷൻ പൂർത്തിയായാൽ പ്രൊഫൈലിനെ അടിസ്ഥാനമാക്കി ഡാഷ്‌ബോർഡിൽ ജോലികളുടെ സാധ്യതകൾ കാണാനാകും. സ്വയം വിലയിരുത്തി ഇഷ്ടമുള്ള ജോലിയും തെരഞ്ഞെടുക്കാം.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറിൽ നടന്ന പരിപാടിയ്ക്ക് കെ.കെ ഇ എം ജില്ലാ പ്രോഗ്രാം മാനേജർ എം പി റഫ്സീന, കമ്മ്യൂണിറ്റി അംബാസിഡർമാരായ ഷാലിമ ചന്ദ്രൻ, അനന്യ ഭാസ്കർ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
%d bloggers like this: