
Web Desk
ബഡ്ജറ്റ് കാലയളവില്‍ നിയമസഭയിലെ എം.എല്‍.എമാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സൗജന്യ ആഡംബര ഭക്ഷണവും സമ്മാനങ്ങളും നിര്‍ത്തലാക്കി എം.കെ സ്റ്റാലിന്‍ സര്‍ക്കാര്‍. ബഡ്ജറ്റ് സമ്മേളന കാലഘട്ടത്തില്‍ എം.എല്‍.എമാര്‍ക്കും അവരുടെ ജീവനക്കാര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നിയമസഭയിലെ ജീവനക്കാര്‍ക്കും സൗജന്യമായി ആഡംബര ഭക്ഷണങ്ങളും സമ്മാനങ്ങളും നല്‍കുക തമിഴ്നാട്ടില്‍ പതിവായിരുന്നു. ഇത് ധൂര്‍ത്താണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ സൗജന്യങ്ങള്‍ നിര്‍ത്തലാക്കിയതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളായിരുന്നു ഇത്തരത്തില്‍ സമ്മാനങ്ങളും ഭക്ഷണങ്ങളും ഒരുക്കിയിരുന്നത്. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ നിന്ന് ആയിരത്തിലധികം പേര്‍ക്കുള്ള ഭക്ഷണം എത്തിക്കുകയായിരുന്നു പതിവ്.
അഞ്ച് മുതല്‍ പത്ത് ലക്ഷം രൂപവരെയാണ് ഇത്തരത്തില്‍ ഭക്ഷണം ഒരുക്കുന്നതിന് വേണ്ടി മാത്രം ചിലവഴിച്ചിരുന്നത്. സഭ സമ്മേളിക്കുന്ന അവസരങ്ങളില്‍ എം.എല്‍.എമാര്‍ തങ്ങളുടെ ഭക്ഷണം നിയമസഭ പാന്‍ട്രിയില്‍ നിന്ന് അടക്കം സ്വന്തം നിലയില്‍ ഉറപ്പുവരുത്തണമെന്നാണ് സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം. വിലകൂടിയ സ്യൂട്ട്‌കേസുകള്‍ മുതല്‍ ട്രോളി ബാഗുകള്‍, വാച്ചുകള്‍, ഇലക്ട്രോണിക് സാധനങ്ങള്‍, കരകൗശല വസ്തുക്കള്‍, അലങ്കാര മത്സ്യങ്ങള്‍, അക്വേറിയം, സുഗന്ധവ്യഞ്ജനങ്ങള്‍, വന ഉല്‍പന്നങ്ങള്‍, പരമ്പരാഗത അരി ഇനങ്ങള്‍ എന്നിങ്ങനെയുള്ള സമ്മാനങ്ങളായിരുന്നു എം.എല്‍.എമാര്‍ക്ക് കൊടുത്തിരുന്നത്.
