Site icon CTV Online

അവരോട് നമ്മള്‍ മാന്യമായും അന്തസ്സോടും പെരുമാറണം; ജോസഫൈനെതിരെ വിമര്‍ശനവുമായി പി.കെ. ശ്രീമതി

News Desk

ജോസഫൈനെതിരെ പരസ്യ വിമര്‍ശനവുമായി പി.കെ. ശ്രീമതി. ഒരു വാതിലും മുട്ടാന്‍ പറ്റാതെ നിസ്സഹായരായി നില്‍ക്കുന്ന സ്ത്രീകള്‍ക്ക് അത്താണിപോലെയാണ് വനിതാ കമ്മീഷനെന്നും അവര്‍ വ്യക്തമാക്കി.

വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എന്നത് വലിയ സ്ഥാനമാണെന്നും പരാതി പറയുമ്പോള്‍ മനസ്സിലായില്ലെങ്കില്‍ പോലും അവര്‍ക്ക് ആശ്വാസവും മനസ്സിന് കുളിര്‍മ കിട്ടുന്നതുമായ നിലപാടാണ് ഉണ്ടാകേണ്ടതെന്നും ശ്രീമതി പറഞ്ഞു. ഈ അഭിപ്രായമാണ് തനിക്കും പാര്‍ട്ടിക്കും ഉള്ളതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

മനുഷ്യത്വപരമായ നിലപാട്, സൗഹാര്‍ദ്ദം, സ്‌നേഹം ഇതൊക്കെ പാര്‍ട്ടിക്ക് പ്രധാനപ്പെട്ടതാണെന്നും ശ്രീമതി പറഞ്ഞു. നിസ്സഹായരും അശരണരുമായ ആളുകളുടെ പ്രശ്‌നങ്ങളാണ് വനിതാ കമ്മീഷന്‍ പോലുള്ള സംവിധാനങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അവരോട് നമ്മള്‍ മാന്യമായും അന്തസ്സോടും പെരുമാറണം. പരാതി പറഞ്ഞ ശേഷം ആശ്വാസത്തോടെ പോകാന്‍ പറ്റുന്ന രീതിയിലായിരിക്കണം പെരുമാറേണ്ടതെന്നും ശ്രീമതി പറഞ്ഞു.

ഗാര്‍ഹിക പീഡനത്തില്‍ പരാതിയറിയിക്കാന്‍ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ രാജിവെച്ചിരുന്നു. സി.പി.ഐ.എം.നിര്‍ദേശപ്രകാരമാണ് രാജിയെന്നാണ് സൂചന.

Exit mobile version