
newsdesk
തിരുവനന്തപുരം : നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറയുമ്പോഴും കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്തു പകര്‍ച്ചവ്യാധികള്‍ കവര്‍ന്നത് 78 ജീവന്‍. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഡെങ്കിപ്പനി 17 പേരുടെയും എലിപ്പനി 33 പേരുടെയും ജീവനെടുത്തു. ദിവസവും ആയിരക്കണക്കിന് ആളുകളാണ് പകര്‍ച്ചപ്പനി ബാധിച്ച് ആശുപത്രികളിലെത്തുന്നത്. ഈ മാസം രണ്ടര ലക്ഷത്തോളം പേർ വിവിധ പകര്‍ച്ചപ്പനികള്‍ക്ക് ചികിത്സ തേടി.
കഴിഞ്ഞ മാസം 279 പേര്‍ക്ക് എലിപ്പനി ബാധിച്ചു. 18 മരണം സ്ഥിരീകരിച്ചപ്പോള്‍ 15 പേരുടെ മരണം എലിപ്പനി കാരണമെന്നു സംശയിക്കുന്നു. 2207 പേര്‍ക്കു ബാധിച്ച ഡെങ്കിപ്പനി 17 ജീവനെടുത്തു. 567 പേര്‍ക്ക് ബാധിച്ച മഞ്ഞപ്പിത്തം ഒൻപതു പേരുടെ മരണത്തിനിടയാക്കി. ഈ വര്‍ഷം ഇതുവരെ പകര്‍ച്ചപ്പനി ബാധിച്ചു മരിച്ചത് 342 പേരാണ്. 12 ലക്ഷത്തോളം പേര്‍ക്കു പകര്‍ച്ചപ്പനി ബാധിച്ചിട്ടുണ്ട്.
പകര്‍ച്ചപ്പനി സംബന്ധിച്ചു കണക്കുകള്‍ കൃത്യമായി പുറത്തുവിടാതെ സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണെന്നാണു പ്രതിപക്ഷം ആരോപിക്കുന്നത്. ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്താതെ ഒരുമിച്ചു നേരിടണമെന്നു മന്ത്രി വീണാ ജോര്‍ജ് പറയുന്നു. തിരഞ്ഞെടുപ്പു തിരക്കുകള്‍ക്കിടയില്‍ മഴക്കാലപൂര്‍വ ശുചീകരണം മികച്ച രീതിയില്‍ നടത്താന്‍ കഴിയാതിരുന്നതാണ് എലിപ്പനി പോലുള്ള രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ കാരണമെന്നും വിമര്‍ശനമുണ്ട്. ജലജന്യ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിലും പാളിച്ചയുണ്ടായെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മഴയും കാലാവസ്ഥാ വ്യതിയാനവും ജനസാന്ദ്രതയും കാരണം പറഞ്ഞു പകര്‍ച്ചവ്യാധി വ്യാപന പ്രതിസന്ധിയില്‍നിന്നു തലയൂരാന്‍ അധികൃതർ ശ്രമിക്കുമ്പോള്‍, പനിച്ചു വിറയ്ക്കുകയാണു സംസ്ഥാനം. നൂറുകണക്കിന് ആളുകളുടെ ജീവനെടുത്ത് സാംക്രമിക രോഗങ്ങള്‍ വ്യാപിക്കുമ്പോഴും ശാസ്ത്രീയമായ സമീപനം സ്വീകരിക്കാതെ ഒഴിയുകയാണു ഭരണകൂടമെന്നാണു വിമർശനം. 2017 ല്‍ സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപകമായ സമയത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് ഈ രംഗത്ത് പ്രാഗല്‍ഭ്യം ഉള്ളവരെ ഉള്‍പ്പെടുത്തി പബ്ലിക് ഹെല്‍ത്ത് കേഡര്‍ രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
പല എതിര്‍പ്പുകള്‍ക്കൊടുവില്‍ 2019 ലാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്. 2017ലെ ദേശീയ ആരോഗ്യനയ പ്രകാരം എല്ലാ സംസഥാനങ്ങളും പബ്ലിക് ഹെല്‍ത്ത് മാനേജ്‌മെന്റ് കേഡര്‍ രൂപീകരിക്കണമെന്ന് കേന്ദ്ര നിര്‍ദേശമുണ്ടായിരുന്നു. ഇതു സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങളും കേന്ദ്രം നല്‍കി. എന്നാല്‍ ഇതു നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ല.
അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ഉള്‍പ്പെടെ വിദഗ്ധരെ ഉള്‍പ്പെടുത്തി രൂപീകരിച്ച പബ്ലിക് ഹെല്‍ത്ത് കേഡര്‍ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. തമിഴ്‌നാട് മാതൃകയില്‍ ഇവിടെയും കേഡര്‍ രൂപീകരിക്കാനാണു മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. 2019ല്‍ ഉത്തരവിറക്കിയിട്ടും ഫലമുണ്ടായില്ല. അതിനൊപ്പം രൂപീകരിച്ച ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റീവ് കേഡര്‍ ഉള്‍പ്പെടെ നടപ്പാക്കുകയും ചെയ്തിരുന്നു. പ്രതിരോധത്തേക്കാള്‍ കൂടുതല്‍ ചികിത്സയ്ക്കു പ്രധാന്യം നല്‍കുന്ന തരത്തിലേക്ക് കേരളത്തിലെ ആരോഗ്യ മാനേജ്‌മെന്റ് മാറിയതാണ് ഇപ്പോഴത്തെ പ്രതിസന്ധികള്‍ക്കു കാരണമെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.