newsdesk
മാവേലിക്കര: മദ്യപാനം ചോദ്യംചെയ്തതിന് മകൻ അമ്മയെ കൊലപ്പെടുത്തി. മാങ്കാംകുഴി ബിനീഷ് ഭവനത്തിൽ പരേതനായ മോഹനൻ ആചാരിയുടെ ഭാര്യ ലളിത (60) ആണ് കൊല്ലപ്പെട്ടത്. മകൻ ബിനീഷിനെ (29) മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച വൈകിട്ട് അഞ്ചിനാണ് സംഭവം.ബിനീഷിന്റെ മദ്യപാനത്തെ ചോദ്യം ചെയ്ത ലളിതയെ ബിനീഷ് കഴുത്തിൽ ഷോൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം അയൽവാസികളോടും ബന്ധുക്കളോടും മരണ വിവരം അറിയിക്കുകയും സംസ്‌കാരത്തിന് സഹകരിക്കണമെന്ന് പറയുകയും ചെയ്തു. ബന്ധുക്കൾക്ക് സംശയം തോന്നിയതിനെത്തുടർന്ന് ലളിതയെ മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചു. ആശുപത്രി അധികൃതരും സംശയം പ്രകടിപ്പിച്ചതോടെ പൊലീസും തുടർന്ന് ശാസ്ത്രീയ പരിശോധന സംഘവുമെത്തി പരിശോധിച്ചു. തുടർന്ന് നടന്ന പൊലീസിന്റെ ചോദ്യം ചെയ്യലിൽ ബിനീഷ് കുറ്റം സമ്മതിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം കഴിഞ്ഞു. സഹോദരി: ശ്രുതി.