newsdesk
കൽപറ്റ∙ വയനാട്ടിലെ അമ്പലവയലിൽ വലിയ ശബ്ദം കേട്ടതായി നാട്ടുകാർ. എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന അമ്പുകുത്തി മലയ്ക്കു സമീപത്തുനിന്നാണു വലിയ ശബ്ദം കേട്ടത്. ഇടിമുഴക്കമാണെന്നാണു നാട്ടുകാർ ആദ്യം കരുതിയത്. എന്നാൽ ചെറിയ തോതിൽ ഭൂമികുലുക്കവും ഉണ്ടായി. അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ശാസ്ത്രജ്ഞർ അസാധാരണ ശബ്ദം കേട്ടതായി സ്ഥിരീകരിച്ചു. എടക്കൽ 19 എന്ന സ്ഥലത്തുനിന്നാണു ശബ്ദം കേട്ടതെന്നാണു വിവരം.
റവന്യു ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അമ്പലവയൽ ജിഎൽപി സ്കൂളിന് അവധി നൽകി. എടയ്ക്കൽ ഗുഹയ്ക്കു സമീപത്താണ് ഈ സ്കൂൾ. സ്ഥലത്ത് പരിശോധന നടക്കുന്നതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അതേസമയം, ജില്ലയുടെ പല ഭാഗത്തും ചെറിയ തോതിൽ ഭൂമികുലുക്കമുണ്ടായതായതാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. കുറിച്യർമല, പിണങ്ങോട് മൂരിക്കാപ്പ്, വൈത്തിരി എന്നിവിടങ്ങളോടു ചേർന്ന ചില പ്രദേശങ്ങളിലാണു ചെറിയതോതിൽ ഭൂമികുലുക്കമുണ്ടായത്.
വില്ലേജ് ഓഫിസർമാരോടു സംഭവസ്ഥലത്തെത്താൻ നിർദേശം നൽകിയതായി വൈത്തിരി തഹസിൽദാർ പറഞ്ഞു. നേന്മേനി വില്ലേജിലെ പാടിപറമ്പ്, അമ്പുകുത്തി, അമ്പലവയൽ ആർഎആർഎസ് പ്രദേശങ്ങളിലാണു ശബ്ദവും കുലുക്കവും അനുഭവപ്പെട്ടത്. വൈത്തിരി താലൂക്കിന് കീഴിൽ പൊഴുതന വില്ലേജിൽ ഉൾപ്പെടുന്ന സുഗന്ധഗരി പ്രദേശത്തും അച്ചൂരാനം വില്ലേജ് ഉൾപ്പെടുന്ന സേട്ടുകുന്ന് പ്രദേശത്തും വലിയ ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉരുൾപൊട്ടലുണ്ടായ ചൂരൽമല, മുണ്ടക്കൈ മേഖലയുൾപെടുന്ന മേപ്പാടി പഞ്ചായത്തിൽനിന്ന് ശരാശരി 30 കിലോമീറ്റർ അകലെയാണ് ഈ പ്രദേശങ്ങൾ.
ഭൂമിക്കടിയില്‍നിന്നും ശബ്ദവും മുഴക്കവും കേട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നു പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍നിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചു തുടങ്ങിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. അമ്പലവയല്‍ വില്ലേജിലെ ആര്‍എആര്‍എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തിമല, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണു ഭൂമിക്കടിയില്‍നിന്നും ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി ജില്ലാ അടിയന്തരകാര്യ നിര്‍വഹണ വിഭാഗം അറിയിച്ചത്. പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിതമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ ഡി.ആര്‍.മേഘശ്രീ അറിയിച്ചു.