കൊച്ചിയിൽ ഷവർമ കഴിച്ച് യുവാവ് മരിച്ചെന്ന് കരുതുന്ന സംഭവം; ഭക്ഷ്യവിഷബാധയേറ്റ് ആറ് പേർ കൂടി വിവിധ ആശുപത്രികളിൽ ചികിത്സ തേടി

newsdesk

കൊച്ചി: ഷവർമ കഴിച്ച് മരിച്ചെന്ന് കരുതപ്പെടുന്ന പാല ചെമ്പിലാവ് സ്വദേശി രാഹുൽ ഡി നായർ(24) മരിച്ച സംഭവത്തിന് പിന്നാലെ സമാനമായ രീതിയിൽ ഭക്ഷ്യവിഷബാധയേ​റ്റ് ആറ് പേർ കൂടി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതായി വിവരം. ഇതു സംബന്ധിച്ച് തൃക്കാക്കര നഗരസഭാ മെഡിക്കൽ ഓഫിസർ ജില്ലാ മെഡിക്കൽ ഓഫിസർക്ക് റിപ്പോർട്ട് നൽകി.
കാക്കനാട് സ്വദേശികളായ ഐഷ്ന അജിത് (34), അഥർവ് അജിത് (8), ആഷ്മി അജിത് (3), ശ്യാംജിത് (30), അഞ്ജലി (26), ശരത് (26) എന്നിവരാണ് വിവിധ ദിവസങ്ങളിലായി ആശുപത്രികളിൽ ചികിത്സ തേടിയത്. മരിച്ച രാഹുലിനെ സൺറൈസ് ആശുപത്രിയിലെത്തിച്ച ദിവസം തന്നെ മറ്റ് രണ്ട് പേർ കൂടി ഇതേ ലക്ഷണങ്ങളുമായി ബന്ധപ്പെട്ട് ചികിത്സ തേടിയതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.അതേസമയം രാഹുലിന്റെ രക്തത്തിൽ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതായി പരിശോധന നടത്തിയ അമൃത ആശുപത്രി അധികൃതർ പറഞ്ഞു. അതേസമയം ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ ഭക്ഷ്യവിഷബാധയാണോയെന്ന് സ്ഥിരീകരിക്കാനാകൂവെന്നാണ് പൊലീസ് പറയുന്നത്.

രാഹുലിന്റെ സഹോദരൻ കാർത്തിക്കിന്റെ പരാതിയിൽ മാവേലിപുരത്തെ ലെ ഹയാത്ത് ഹോട്ടൽ ഉടമയ്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഷവർമയിലൂടെ ഭക്ഷ്യവിഷബാധയുണ്ടായെന്ന് കരുതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച രാഹുലിന്റെ സംസ്കാരം കഴിഞ്ഞ ദിവസം വീട്ടുവളപ്പിൽ നടത്തി. അതേസമയം തിരുവനന്തപുരം അമ്പൂരിയിലെ ഒരു ബേക്കറിയിൽ പാകം ചെയ്ത ചിക്കൻ ബർഗറും സാൻഡ്‍വിച്ചും കഴിച്ച 11 പേർക്ക് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചു.ചികിത്സ തേടിയവരിൽ ബേക്കറി ഉടമയും ഭാര്യയും ഉൾപ്പെടുന്നു. സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ബേക്കറി പൂട്ടിച്ചു. തിങ്കളാഴ്ചയാണ് ഇവർ ബർഗറും സാൻഡ്‌വിച്ചും കഴിച്ചത്.

അടുത്ത ദിവസം മുതൽ ഛർദ്ദിയും വയറിളക്കവും തുടങ്ങിയതോടെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുകയായിരുന്നു. അമ്പൂരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തക സ്വകാര്യ ആശുപത്രികളിൽ എത്തി വിവരങ്ങൾ ശേഖരിച്ച് ഭക്ഷ്യ വിഷബാധയാണെന്നു സ്ഥിരീകരിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭിച്ച വിവരം.

error: Content is protected !!