Site icon CTV Online

കഞ്ചാവ് കടത്തിയ കേസ്; ഇന്ത്യന്‍ വംശജനായ നാല്‍പ്പത്തിയാറുകാരനെ തൂക്കിലേറ്റി സിംഗപ്പൂര്‍ സര്‍ക്കാര്‍

WebDesk

കഞ്ചാവ് കടത്തിയതിന് ജയില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്ന യുവാവിന്റെ വധശിക്ഷ നടപ്പിലാക്കി സിംഗപ്പൂര്‍. ഇന്ത്യന്‍ വംശജനായ നാല്‍പ്പത്തിയാറുകാരന്‍ തങ്കരാജു സുപ്പയ്യയെയാണ് സിംഗപ്പൂര്‍ സര്‍ക്കാര്‍ തൂക്കിലേറ്റിയത്. ഇന്ന് രാവിലെയായിരുന്നു തങ്കരാജുവിന്റെ വധശിക്ഷ നടപ്പിലാക്കിയത്. തങ്കരാജുവിന്റെ വധശിക്ഷയില്‍ ഇളവ് തേടി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗമടക്കം രംഗത്തെത്തിയിരുന്നു
2013 ല്‍ മലേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേക്ക് ഒരു കിലോ കഞ്ചാവ് കടത്താന്‍ ഗൂഢാലോചന നടത്തിയെന്നാണ് സുപ്പയ്യക്കെതിരായ കേസ്. കഞ്ചാവ് നേരിട്ട് പിടികൂടിയിട്ടില്ലെങ്കിലും മറ്റ് തെളിവുകള്‍ സുപ്പയ്യയിലേക്കെത്തിക്കുകയായിരുന്നു. 2014ലായിരുന്നു തങ്കരാജുവിനെ സിംഗപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഗൂഢാലോചനയ്ക്ക് പിന്നില്‍ സുപ്പയ്യയാണെന്നാണ് പ്രോസിക്യൂട്ടര്‍ വാദിച്ചത്. അതേസമയം, കേസുമായി തനിക്ക് ബന്ധമില്ലെന്ന് തങ്കരാജു കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ തങ്കരാജുവിനെ തൂക്കിക്കൊല്ലാന്‍ കോടതി വിധിക്കുകയായിരുന്നു. വധശിക്ഷയ്ക്കെതിരെ സുപ്പയ്യയുടെ കുടുംബം കഴിഞ്ഞയാഴ്ച സിംഗപ്പൂര്‍ പ്രസിഡന്റിന് ദയാഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ സുപ്പയ്യയുടെ ദയാഹര്‍ജി പ്രസിഡന്റ് തള്ളി. സുപ്പയ്യയ്ക്ക് കൃത്യമായ നിയമസഹായം ലഭിക്കുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ദ്വിഭാഷിയുടെ സേവനം ലഭ്യമാക്കുന്നതിലുള്‍പ്പെടെ വീഴ്ച സംഭവിച്ചതായും ബന്ധുക്കള്‍ പറഞ്ഞിരുന്നു.
മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ലോകത്ത് ഏറ്റവും കടുത്ത നിയമങ്ങളുള്ള രാജ്യങ്ങളിലൊന്നാണ് സിംഗപ്പൂര്‍. മയക്കു മരുന്ന് കടത്തിയവര്‍ക്ക് വധശിക്ഷയാണ് സിംഗപ്പൂരിലെ നിയമം. മലേഷ്യയിലും മുന്‍പ് സമാന നിയമമുണ്ടായിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു.

Exit mobile version