
Web Desk
ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാന്‍ വധക്കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള മണ്ണഞ്ചേരി സ്വദേശി അതുല്‍ ആണ് പിടിയിലായവരില്‍ ഒരാള്‍. ഷാനെ കൊലപ്പെടുത്താനെത്തിയ അഞ്ചംഗ സംഘത്തില്‍പ്പെട്ടയാളാണ് അതുല്‍. കസ്റ്റഡിയിലുള്ള രണ്ടാമത്തെയാളുടെ പേര് വിവരങ്ങള്‍ ലഭ്യമല്ല. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ള ഒരാള്‍ കസ്റ്റഡിയിലാകുന്നത് ഇതാദ്യമായാണ്.
പ്രതികള്‍ക്ക് രക്ഷപെടാന്‍ സഹായം നല്‍കിയവരാണ് ഇന്ന് അറസ്റ്റിലായതെന്ന് എഡിജിപി വിജയ് സാഖറെ അറിയിച്ചു. ഇരുവരും ആലപ്പുഴ സ്വദേശികളാണ്.കൂടുതല്‍ പ്രതികള്‍ക്കായി തെരച്ചില്‍ സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഷാന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള രണ്ട് പേരെ ആലപ്പുഴയിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കൂടുതല്‍ പേരുടെ അറസ്റ്റ്. അതേസമയം ആലപ്പുഴയിലെ കൊലപാതകങ്ങളില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. അന്വേഷണം കൃത്യമായി നടക്കുന്നുണ്ട്. യഥാര്‍ത്ഥ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞതായും പ്രതികള്‍ ഒരു കാരണവശാലും രക്ഷപ്പെടില്ലെന്നും മന്ത്രി വ്യക്തമാക്കി.
