Site icon CTV Online

ദുഃഖങ്ങൾ മറച്ചുപിടിച്ച് പുഞ്ചിരിക്കാൻ ശ്രമിക്കുന്ന ആൾ ;വിശദീകരണവുമായി വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാൽ

Web Desk

ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാൽ. ‘വണ്ടിപ്പെരിയാറിലേയ്ക്കുള്ള യാത്രയിൽ’ എന്ന തലക്കെട്ടോടെ ഷാഹിദ കമാൽ പങ്കുവച്ച പോസ്റ്റാണ് വിവാദമായത്.

ദുഃഖങ്ങളെല്ലാം മറച്ചുപിടിച്ച് പുഞ്ചിരിക്കാൻ ശ്രമിക്കുന്ന ആളാണ് താനെന്നും അതുകൊണ്ടാണ് പുഞ്ചിരിച്ചുകൊണ്ടുള്ള ചിത്രം പങ്കുവച്ചതെന്നും ഷാഹിദ കമാൽ പറഞ്ഞു. പോസ്റ്റിലെ അപാകത സുഹൃത്തുക്കളിൽ ചിലർ ചൂണ്ടിക്കാട്ടിയെന്നും തുടർന്ന് പിൻവലിച്ചുവെന്നും ഷാഹിദ കമാൽ പറഞ്ഞു.

പെൺകുട്ടിയുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്യും. പൊലീസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് കുട്ടിയുടെ മാതാപിതാക്കൾ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി കുടുംബത്തെ ഫോണിൽ വിളിച്ച് നീതി ഉറപ്പാക്കുമെന്ന് അറിയിച്ചുവെന്നും കേസിന്റെ തുടർ നടപടികൾ വനിതാ കമ്മിഷൻ നിരീക്ഷിക്കുന്നുണ്ടെന്നും ഷാഹിദ കമാൽ കൂട്ടിച്ചേർത്തു.

ഷാഹിദ കമാൽ കഴിഞ്ഞ ദിവസം പങ്കുവച്ച പോസ്റ്റാണ് വിവാദമായത്. വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറുവയസുകാരിയുടെ വീട്ടിലേയ്ക്കുള്ള യാത്രയ്ക്ക് മുൻപാണ് പുഞ്ചിരിച്ചുകൊണ്ടുള്ള ചിത്രം പങ്കുവച്ചത്. നിരവധി പേർ രൂക്ഷ വിമർശനവുമായി ഷാഹിദ കമാലിന്റെ പോസ്റ്റിന് താഴെ കമന്റിട്ടു. സംഭവം വിവാദമായതോടെ ഷാഹിദ കമാൽ പോസ്റ്റ് പിൻവലിക്കുകയായിരുന്നു.

Exit mobile version