
newsdesk
കടുത്തുരുത്തി :വർഷങ്ങളായി തകർന്ന് കിടക്കുന്ന കടുത്തുരുത്തി അറുന്നൂറ്റിമംഗലം റോഡ് നന്നാക്കാൻ അധികൃതർ കാണിക്കുന്ന നിസംഗതയിൽ പ്രതിഷേധിച്ചു റോഡിലെ വെള്ളക്കെട്ടിൽ തുണിയലക്കി യുവാവിന്റെ വേറിട്ട പ്രതിഷേധം. കടുത്തുരുത്തി സ്വദേശി പ്ലാച്ചേരിതടത്തിൽ രഞ്ചുമോൻ ആണ് റോഡിലെ വെള്ളക്കെട്ടിൽ തുണിയലക്കി പ്രതിഷേധിച്ചത്.
സുഹൃത്ത് വൈശാഖിനൊപ്പമാണ് യുവാവ് പ്രതിഷേധം നടത്തിയത്. നാട്ടുകാരും വാഹനയാത്രക്കാരും ഉൾപ്പെടെ നിരവധിയാളുകൾ യുവാവിന്റെ പ്രതിഷേധസമരത്തിന് പിന്തുണയറിയിച്ചു. 20 മിനിറ്റോളം റോഡിലെ വെള്ളക്കെട്ടിൽ തുണിയലക്കി. ഈ സമയം ഇതുവഴി കടന്നുപോയ വാഹനങ്ങളെല്ലാം വിത്യസ്ത രീതിയിലുള്ള സമരം കണ്ട് വാഹനം നിർത്തി പിന്തുണയറിയിച്ചു.
