Site icon CTV Online

മുസ്‌ലിം വയോധികനെ ആക്രമിച്ച സംഭവത്തില്‍ ട്വിറ്ററിന് നോട്ടീസ് അയച്ച് യു.പി. പൊലീസ്

News Desk

ഉത്തര്‍പ്രദേശില്‍ ജയ് ശ്രീറാം വിളിക്കാത്തതിന് മുസ്‌ലിം വയോധികനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ അധികൃതര്‍ക്ക് നോട്ടീസ് അയച്ച് ഗാസിയാബാദ് പൊലീസ്. സംഭവത്തിന്റെ വീഡിയോ നിരവധി പേര്‍ ട്വീറ്റ് ചെയ്തത് വര്‍ഗീയ പ്രകോപനമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ട്വിറ്ററിന് നോട്ടീസ് അയച്ചിരിക്കുന്നത്.

ട്വിറ്റര്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ മനീഷ് മഹേശ്വരിയോട് ലോനി അതിര്‍ത്തിയിലെ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏഴ് ദിവസത്തിനുള്ളില്‍ സ്റ്റേഷനില്‍ ഹാജരാകണമെന്നും അറിയിച്ചിട്ടുണ്ട്. സംഭവത്തിന്റെ സത്യാവസ്ഥ പൊലീസ് വിശദീകരിച്ചിട്ടും മര്‍ദ്ദിക്കുന്ന വീഡിയോയോ മറ്റു പോസ്റ്റുകളോ ഡിലീറ്റ് ചെയ്യാനോ നടപടികള്‍ സ്വീകരിക്കാനോ ട്വിറ്റര്‍ തയ്യാറായില്ലെന്നാണ് ആരോപിച്ചിരിക്കുന്ന കുറ്റം.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കുള്ള കേന്ദ്രത്തിന്റെ പുതിയ മാര്‍ഗനിര്‍ദേശ പ്രകാരം ട്വിറ്ററിനെതിരെ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ കേസായിരുന്നു ഗാസിയാബാദ് സംഭവം. സമൂഹ മാധ്യമങ്ങളില്‍ യൂസര്‍മാര്‍ പങ്കുവെക്കുന്ന വീഡിയോകളില്‍ ആ മാധ്യമത്തിനും ഉത്തരവാദിത്തമുണ്ടെന്ന ഇതിലെ നിയമമാണ് ട്വിറ്ററിന് വിനയാവുക.

ഗാസിയാബാദ് സ്വദേശിയായ അബ്ദുള്‍ സമദ് എന്നയാള്‍ക്കെതിരെയാണ് ജൂണ്‍ ആദ്യവാരത്തില്‍ ആക്രമണമുണ്ടായത്. ജൂണ്‍ അഞ്ചിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവന്നതോടെയാണ് വിഷയം ചര്‍ച്ചയായത്. ഗാസിയാബാദ് സംഭവത്തിന്റെ വീഡിയോയും വാര്‍ത്തകളും കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പള്ളിയിലേക്ക് പോവുകയായിരുന്ന വൃദ്ധനെ കുറച്ച് പേര്‍ തടഞ്ഞുവെച്ച് മര്‍ദ്ദിക്കുന്നതിന്റെയും താടി കത്രിക കൊണ്ട് മുറിച്ചു കളയുന്നതിന്റെയും ജയ് ശ്രീറാം വിളിക്കാനായി നിര്‍ബന്ധിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പ്രചരിക്കുന്ന വീഡിയോയില്‍ ഉള്ളത്. ഇയാള്‍ പാകിസ്ഥാന്‍ ചാരനാണെന്നും വീഡിയോയില്‍ ആരോപിക്കുന്നു.

സംഭവത്തില്‍ പ്രതികരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ വര്‍ഗീയ പ്രകോപനങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് പൊലീസ് നേരത്തെ കേസെടുത്തിരുന്നു.

Exit mobile version