വാഹനങ്ങളുടെ പിന്നിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം; നിയമം കര്‍ശനമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് കാറുകളുടെ പിന്നിലെ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് മാനദണ്ഡങ്ങൾ നിർബന്ധമാക്കുന്നു. 2025 ഏപ്രിൽ മുതൽ പുതിയ നിബന്ധനകൾ നിലവിൽവരും. എട്ടുസീറ്റുള്ള വാഹനങ്ങൾക്കും ഇത് ബാധകമാണ്. സീറ്റ് ബെൽറ്റുകൾക്കും അനുബന്ധ സാമഗ്രികൾക്കും പുതിയ ഗുണനിലവാര വ്യവസ്ഥകൾ ഏർപ്പെടുത്താനാണ് കേന്ദ്രതീരുമാനം. ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേഡ് പ്രകാരമുള്ള ഘടകങ്ങളാണ് നിലവിൽ ഉപയോഗിക്കുന്നത്.

പാശ്ചാത്യ നിലവാരത്തിലുള്ള ഇവയ്ക്കുപകരം കേന്ദ്രം നിഷ്കർഷിക്കുന്ന ഇന്ത്യൻ സ്റ്റാൻഡേഡിലുള്ള സീറ്റ് ബെൽറ്റുകളും, ആങ്കറുകളും വാഹനങ്ങളിൽ ഘടിപ്പിക്കണം. നിർമാണവേളയിൽ വാഹനനിർമാതാക്കൾ ഇത് ഉറപ്പിക്കണം. നിലവിൽ പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാണെങ്കിലും കർശനമല്ല. വാഹനപരിശോധനയിലും എ.ഐ. ക്യാമറകളിലും മുൻനിരയാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കുന്നുണ്ടോ എന്നുമാത്രമാണ് പരിശോധിക്കുന്നത്. നാലുചക്രവാഹനങ്ങളുടെ വിഭാഗത്തിൽപ്പെട്ട ക്വാഡ്രാസൈക്കിളുകളിലെ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.

മഹാരാഷ്ട്രയിലെ പാൽഘറിലുണ്ടായ വാഹനാപകടത്തിൽ വ്യവസായ പ്രമുഖൻ സൈറസ് മിസ്ത്രി മരിച്ചതിന് പിന്നാലെ കാറിന്റെ പിൻസീറ്റിൽ ഇരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കാനുള്ള നിർദേശങ്ങൾ വന്ന് തുടങ്ങിയിരുന്നു. ഇതിനുപിന്നാലെ കേന്ദ്ര-സംസ്ഥാന സർക്കാരുകളും പോലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പിൻസീറ്റിലെ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കുന്നതിന്റെ ആവശ്യകത സംബന്ധിച്ച് ജനങ്ങൾക്ക് ബോധവത്കരണം നൽകാനും ആരംഭിച്ചിരുന്നു.

കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ 138(3) വകുപ്പ് അനുസരിച്ച് പാസഞ്ചർ വാഹനങ്ങളുടെ മുന്നിലേയും പിന്നിലേയും സീറ്റുകളിൽ യാത്ര ചെയ്യുന്നവർ സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. ഇത് ഒഴിവാക്കിയാൽ 1000 രൂപ വരെ പിഴ ഈടാക്കാനും സാധിക്കും. എന്നാൽ, പൊതുവെ ഭൂരിഭാഗം സ്ഥലങ്ങളിലും പിൻനിരയിൽ യാത്ര ചെയ്യുന്നവർ സീറ്റ് ബെൽറ്റ് ധരിക്കാറില്ല. വാഹന പരിശോധനകളിലും പോലീസ് ഇത് നിയമലംഘനമായി കണക്കാക്കിയിരുന്നില്ല.

ഇന്ത്യയിൽ ഇപ്പോൾ ഇറങ്ങുന്ന ഭൂരിഭാഗം വാഹനങ്ങളിലും പിന്നിലെ സീറ്റിലെ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ അലാറം അടിക്കുന്ന സംവിധാനം നൽകുന്നുണ്ട്. 2019 മുതലാണ് മുൻനിര സീറ്റുകളിലെ യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിലുള്ള സീറ്റ് ബെൽറ്റ് അലാറം നിർബന്ധമാക്കുന്നത്. സീറ്റ് ബെൽറ്റ് ധരിച്ചാൽ മാത്രമേ എയർബാഗുകൾ വിന്യസിക്കൂവെന്നതിനാൽ തന്നെ പുതിയ നിയമം ആറ് എയർബാഗ് നിർബന്ധമാക്കുന്ന നിർദേശവുമായി ബന്ധിപ്പിക്കുമെന്നും സൂചനയുണ്ടായിരുന്നു.

error: Content is protected !!