
NEWSDESK
തിരുവനന്തപുരം : ഹൈസ്കൂള്‍ സമയം അരമണിക്കൂർ കൂട്ടാൻ ശുപാർശ. സ്കൂള്‍ പരീക്ഷ രണ്ടാക്കിച്ചുരുക്കാനും വിദ്യാഭ്യാസ കലണ്ടർ പരിഷ്കരിക്കാൻ നിയോഗിച്ച അഞ്ചംഗ വിദഗ്ധസമിതി നിർദേശിച്ചു.
ശനിയാഴ്ച പ്രവൃത്തിദിനമാക്കേണ്ടെന്നും വേണമെങ്കില്‍ തുടർച്ചയായി ആറ് പ്രവൃത്തിദിനം വരാത്തവിധം മാസത്തില്‍ ഒരു ശനിയാഴ്ച ക്ലാസ് നടത്താമെന്നുമാണ് സമിതിയുടെ നിർദേശം.
ഓണം, ക്രിസ്മസ് വേളയിലും മാർച്ചിലുമായി ഇപ്പോള്‍ മൂന്നു പരീക്ഷകളുണ്ട്. ഇതിനുപകരം ഒക്ടോബറില്‍ അർധവാർഷിക പരീക്ഷയും മാർച്ചില്‍ വാർഷികപരീക്ഷയും മതിയെന്നാണ് ശുപാർശ. പഠനനിലവാരം ക്ലാസ് പരീക്ഷയിലൂടെ വിലയിരുത്താം.
എല്‍പിയിലും യുപിയിലും ക്ലാസ് സമയം കൂട്ടേണ്ട. ഹൈസ്കൂളില്‍ ദിവസവും അരമണിക്കൂർ കൂട്ടിയാല്‍ വർഷത്തില്‍ 1200 മണിക്കൂർ അധ്യയനം ഉറപ്പാക്കാം. സ്കൂള്‍ ഇടവേളകള്‍ പത്തുമിനിറ്റാക്കണം.
ഹൈക്കോടതി നിർദേശപ്രകാരമാണ് എസ്സിഇആർടിയുടെ നേതൃത്വത്തില്‍ വിദഗ്ധസമിതി രൂപവത്കരിച്ചത്. കാസർകോട് കേന്ദ്ര സർവകലാശാല വിദ്യാഭ്യാസ വിഭാഗം മേധാവി പ്രൊഫ. വി.പി. ജോഷിതിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതി ചൊവ്വാഴ്ച മന്ത്രി വി. ശിവൻകുട്ടിക്ക് റിപ്പോർട്ട് കൈമാറി.
