സ്കൂളിൽ സ്റ്റാഫ് മീറ്റിങ് ചേരുന്നതിനിടെ അധ്യാപകർ തമ്മിൽത്തല്ലി;അധ്യാപികമാരടക്കം ഏഴ് പേർക്ക് പരിക്ക്

കോഴിക്കോട്: എരവന്നൂർ എയുപി സ്കൂളിൽ സ്റ്റാഫ് മീറ്റിങ് ചേരുന്നതിനിടെ ഉണ്ടായ സംഘർഷത്തിൽ 7 പേർക്ക് പരിക്കേറ്റു. എൻടിയു ഉപജില്ലാ ട്രഷററും സ്കൂളിലെ അധ്യാപികയുമായ സുപ്രീന, സുപ്രീനയുടെ ഭർത്താവ് ഷാജി, ഇതേ സ്കൂളിലെ മറ്റ് അധ്യാപകരായ പി ഉമ്മർ, വി വീണ, കെ മുഹമ്മദ് ആസിഫ്, അനുപമ, എം കെ ജസ്‌ല എന്നിവർക്കാണ് പരിക്കേറ്റത്. കുട്ടികളെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട് സ്കൂളിലെ രണ്ട് അധ്യാപകർക്കെതിരെ പരാതി ഉണ്ടായിരുന്നു. ഇതാണ് സംഘർഷത്തിലെത്തിയത്.

സുപ്രീനയെയും മകനെയും വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാൻ എത്തിയതായിരുന്നു മറ്റൊരു സ്കൂളിലെ അധ്യാപകനും എൻടിയു ജില്ലാ നേതാവുമായ ഷാജി. സ്റ്റാഫ് കൗൺസിൽ യോഗം നടക്കുന്നതിനിടെ മുറിയിലേക്ക് അതിക്രമിച്ച് കയറിയ ഷാജിയും മറ്റ് അധ്യാപകരും തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു. പിന്നാലെ ഇരുവിഭാഗവും ഏറ്റുമുട്ടി. ഷാജി ആക്രമിച്ചെന്നാണ് മറ്റ് അധ്യാപകരുടെ പരാതി. എന്നാൽ, തങ്ങളെ ആക്രമിച്ചെന്ന് സുപ്രീനയും ഷാജിയും ആരോപിക്കുന്നു. പരിക്കേറ്റവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

error: Content is protected !!