
Web Desk
തന്റെ വീട്ടില്‍ നിന്ന് പി എസ് സരിത്തിനെ പട്ടാപ്പകല്‍ ഒരു സംഘം തട്ടിക്കൊണ്ടു പോയെന്ന് സ്വപ്‌ന സുരേഷ്. പാലക്കാട്ടെ ബെല്‍ടെക് അവന്യൂ എന്ന ഫ്‌ലാറ്റില്‍ നിന്നും പൊലീസ് എന്നുപറഞ്ഞാണ് സരിത്തിനെ ബലമായി പിടിച്ചുകൊണ്ടുപോയത്. വെള്ള സ്വിഫ്റ്റ് കാറിലാണ് സംഘമെത്തിയതെന്നും സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് എന്തും സംഭവിക്കാം. ഏതു നിമിഷവും സംഭവിക്കാം. തന്റെ കൂടെ നില്‍ക്കുന്നവര്‍ എല്ലാവരും ട്രാപ്പിലാണ്.
രാവിലെ മാധ്യമപ്രവര്‍ത്തകരെ കണ്ടതിന് 15 മിനുട്ടിനകമാണ് ഇതു സംഭവിച്ചത്. വന്നവര്‍ പൊലീസ് യൂണിഫോമിലല്ല, അവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചില്ല. ഫോണ്‍ വിളിക്കാനോ, ഫോണ്‍ എടുക്കാനോ പോലും സമ്മതിക്കാതെയാണ് സരിത്തിനെ ബലമായി പിടിച്ചുകൊണ്ടു പോയത്. അവര്‍ പൊലീസ് അല്ലെന്നും സ്വപ്‌ന പറഞ്ഞു. സ്വര്‍ണക്കടത്തുകേസില്‍ താന്‍ സത്യം മാത്രമാണ് പറഞ്ഞത്. ഒരു സ്ത്രീ സത്യം തുറന്നു പറഞ്ഞാല്‍ എന്തും സംഭവിക്കാം എന്നതാണ് കേരളജനത ഇതുകൊണ്ട് മനസ്സിലാക്കേണ്ടത്. ആരെയും പട്ടാപ്പകല്‍ വെട്ടിക്കൊല്ലാം, കിഡ്‌നാപ്പ് ചെയ്യാം, എന്തും ചെയ്യാം എന്നതാണ് കേരളത്തിലെ അവസ്ഥ. സ്റ്റാഫ് അക്കോമഡേഷനില്‍ നിന്നാണ് സരിത്തിനെ ബലമായി പിടിച്ചു കൊണ്ടുപോയതെന്നും സ്വപ്‌ന പറഞ്ഞു. സ്വര്‍ണക്കടത്തുകേസിലെ ഒന്നാം പ്രതിയാണ് സരിത്ത്.
