‘മുസ്ലീങ്ങളെ ഉന്നംവച്ച് സര്‍ക്കാര്‍ സംവരണ അട്ടിമറി നടത്തുന്നു’; വിമര്‍ശനവുമായി സമസ്ത

മുസ്ലീങ്ങളെ ഉന്നംവച്ച് സര്‍ക്കാര്‍ സംവരണ അട്ടിമറി നടത്തുന്നുവെന്ന വിമര്‍ശനവുമായി സമസ്ത.ഭിന്നശേഷിക്കാര്‍ക്ക് ഉദ്യോഗതലങ്ങളില്‍ സംവരണം നല്‍കാന്‍ മുസ്ലിംകള്‍ക്ക് ലഭിക്കേണ്ട ടേണ്‍ തട്ടിയെടുക്കുന്നത് അനീതിയാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. ബോധപൂര്‍വം സര്‍ക്കാര്‍ നടത്തിയ നീക്കം കടുത്ത വിവേചനമാണ്. സര്‍ക്കാര്‍ തുടര്‍ച്ചയായി നീതി നിഷേധിക്കുകയാണ്. ഇത് ഉദ്യോഗസ്ഥ വീഴ്ചയായി മാത്രം കാണാനാവില്ല. സര്‍ക്കാര്‍ തിരുത്തിയില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭിന്നശേഷിക്കാര്‍ക്ക് ആനുകൂല്യം നല്‍കുന്നതിന് എതിരല്ലെന്നും മുസ്ലീങ്ങള്‍ക്ക് ലഭിക്കേണ്ട ടേണ്‍ തട്ടിയെടുക്കുന്നതിനോടാണ് വിയോജിപ്പെന്നും സത്താര്‍ പന്തല്ലൂര്‍ വിശദീകരിക്കുന്നു. ഇന്നും പ്രാതിനിധ്യത്തിനുവേണ്ടി പോരടിക്കുന്നവരാണ് മുസ്ലീം വിഭാഗങ്ങള്‍. അവര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യം തന്നെ ഇതിനുവേണ്ടി എടുത്തത് ഈ സമുദായത്തോട് കാണിച്ച കടുത്ത അനീതിയാണ്. മുസ്ലീം വിഭാഗങ്ങളുടെ സംവരണം അട്ടിമറിക്കാത്ത രീതിയില്‍ ഭിന്നശേഷിക്കാര്‍ക്ക് സംവരണ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് മാത്രമാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും സത്താര്‍ പന്തല്ലൂര്‍ കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ തീരുമാനം തിരുത്തിയില്ലെങ്കില്‍ എസ്‌കെഎസ്എസ്എഫ് മാത്രമല്ല വിവിധ മുസ്ലീം സംഘടനകളെല്ലാം പ്രക്ഷോഭത്തിലേക്ക് കടക്കുമെന്ന് സത്താര്‍ പന്തല്ലൂര്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുന്നു. പത്തോ പന്ത്രണ്ടോ ശതമാനം സംവരണമുള്ള ഒരു വിഭാഗത്തില്‍ നിന്ന് രണ്ട് ശതമാനം സംവരണം എടുത്തുകളയുക എന്നത് നീതിനിഷേധമാണ്. ന്യൂനപക്ഷ വിഷയങ്ങളില്‍ പലപ്പോഴും ഇതുപോലെയുള്ള നിലപാടുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ സംവരണ വിഷയത്തില്‍ ശക്തമായി പ്രതികരിക്കാനാണ് തീരുമാനമെന്നും സത്താര്‍ പന്തല്ലൂര്‍ കൂട്ടിച്ചേര്‍ത്തു.

error: Content is protected !!