newsdesk
കൊച്ചി: സംഗീത വിസ്മയം രവീന്ദ്രൻ മാഷിന്റെ ഭാര്യയെ വിഷമഘട്ടത്തിൽ ചേർത്തു പിടിച്ച് മലയാള സിനിമ. കിടപ്പാടം നഷ്ടപ്പെടാതെ കാത്ത് ഗായകരും സംവിധായകരും. ആദരവെന്ന പേരിൽ ചിലർ പറ്റിച്ചാണ് കടക്കെണിയിലാക്കിയത്.
രവീന്ദ്രന്റെ ഭാര്യ ശോഭ വില്ക്കാൻ തീരുമാനിച്ച കലൂരിലെ ഫ്ളാറ്റ് 12 ലക്ഷംരൂപയുടെ ബാദ്ധ്യത വീട്ടി നിലനിറുത്തുകയായിരുന്നു. ഫ്ളാറ്റിന്റെ രേഖകൾ ശോഭയ്ക്ക് കൈമാറിയതായി ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.ഗായകരുടെ കൂട്ടായ്മയായ സമം, കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, ജോണി സാഗരിക, റോണി റാഫേൽ, ദീപക് ദേവ്, സുദീപ് എന്നിവരും ഫെഫ്ക മ്യൂസിക് ഡയറക്‌ടേഴ്സ് യൂണിയൻ ഉൾപ്പെടെ വിവിധ സംഘടനകളും ഒത്തുചേർന്നു.രവീന്ദ്രൻ മാഷിനോടുള്ള ആദരസൂചകമെന്ന പേരിലാണ് ഒൻപതുവർഷം മുമ്പ് ഫ്ളാറ്റ് ശോഭയ്ക്ക് അനുവദിച്ചത്. അതൊരു ചതിയാണെന്ന് പിന്നീടാണ് അറിഞ്ഞത്. രവീന്ദ്ര സംഗീതസന്ധ്യ എന്ന പേരിൽ ബംഗളൂരു ആസ്ഥാനമായി ഇവന്റ് മാനേജ്മെന്റ് കമ്പനി പരിപാടി സംഘടിപ്പിച്ചു. ശോഭയ്ക്ക് 25ലക്ഷം രൂപയും ഫ്ളാറ്റും വാഗ്ദാനം ചെയ്തു. ഫ്ളാറ്റിന്റെ താക്കോലും കൈമാറി. പരിപാടിയുടെ സംപ്രേഷണാവകാശം സ്വകാര്യ ചാനൽ വാങ്ങിയത് 56 ലക്ഷം രൂപയ്ക്ക്.സ്പോൺസർഷിപ്പുൾപ്പെടെ ഒന്നരക്കോടിയിലധികം രൂപ സംഘാടകർക്ക് ലഭിച്ചിരുന്നു. എന്നാൽ ശോഭയ്ക്ക് മൂന്നുലക്ഷം രൂപ മാത്രമാണ് നൽകിയത്. ഫ്ളാറ്റിലേക്ക് മാറിയപ്പോഴാണ് വൈദ്യുതികണക്ഷൻ പോലുമില്ലെന്ന് ശോഭ അറിയുന്നത്. ഫ്ളാറ്റ് രജിസ്റ്റർ ചെയ്തുതരാൻ പലതവണ ആവശ്യപ്പെട്ടിട്ടും നിർമ്മിച്ച കമ്പനി തയ്യാറായില്ല. വാഗ്ദാനംചെയ്ത പണത്തിനായി ഇവന്റ് മാനേജ്മെന്റ് കമ്പനിയെ സമീപിച്ചെങ്കിലും കൈയൊഴിഞ്ഞു.
അപ്പാർട്ടുമെന്റ് സമുച്ചയത്തിലെ ഓരോ ഫ്ളാറ്റും ആറരലക്ഷം രൂപയ്ക്ക് ഈടുവച്ച് നിർമ്മാണക്കമ്പനി വായ്പയെടുത്തതായി പിന്നീടാണ് അറിയുന്നത്. ഒടുവിൽ താമസക്കാരുടെ അസോസിയേഷന് ഫ്ളാറ്റുകളെല്ലാം കൈമാറി നിർമ്മാതാക്കൾ പിന്മാറി. ഫ്ളാറ്റ് കൈമാറുന്ന വിവരമറിഞ്ഞ് മൂന്നുലക്ഷംരൂപ കടംവാങ്ങി ശോഭയും രജിസ്ട്രേഷൻ പൂർത്തിയാക്കിയിരുന്നു.അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ലാതിരുന്ന ഫ്ളാറ്റ് അറ്റകുറ്റപ്പണികൾക്കായി അടയ്ക്കുകയും താമസക്കാരെല്ലാം മാറുകയും ചെയ്തു. ശോഭയും അടുത്തുള്ള വീടിന്റെ മുകൾനിലയിലേക്ക് താമസം മാറ്റി. മറ്റു താമസക്കാരെല്ലാം വായ്പാകുടിശ്ശിക അടച്ചു. ശോഭയുടെ കൈയിൽ ചില്ലിക്കാശില്ലാത്തതിനാൽ പണം താത്കാലികമായി അസോസിയേഷൻ നൽകി. തിരിച്ചു നൽകാനുള്ള തുക പലിശയടക്കം 12 ലക്ഷമെത്തി. തുടർന്നാണ് ഫ്ളാറ്റു വിൽക്കാൻ ശോഭ തീരുമാനിച്ചത്.രവീന്ദ്രൻ മാഷിനോടുള്ള സ്നേഹവും ആദരവുമാണ് സഹപ്രവർത്തകർ നൽകിയത്