കോടതിപരിസരത്ത് വെച്ച് ഭാര്യയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ;ഡൈവേഴ്‌സ്‌ കേസിന്റെ വിചാരണക്കായി കോടതിയിലെത്തിയ സമയത്ത്‌ കത്തി കൊണ്ട് വയറിലും പുറത്തും കയ്യിലും കുത്തുകയായിരുന്നു

newsdesk

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിനകത്ത് വെച്ച് ഭാര്യയെ കത്തി കൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതി താണിശ്ശേരി വൻപറമ്പിൽ വീട് സജിമോൻ (55) അറസ്റ്റിൽ. സജിമോനും ഭാര്യ രശ്മിയും തമ്മിലുള്ള വിവാഹ മോചനക്കേസ് ഇരിങ്ങാലക്കുട കുടുംബ കോടതിയിൽ നടക്കുന്നുണ്ട്. ഒക്‌ടോബർ 25ന് കേസിന്റെ വിചാരണക്കായി രശ്മി കോടതിയിലെത്തിയ സമയത്ത്‌ സജിമോൻ തടഞ്ഞു നിർത്തി കത്തി കൊണ്ട് വയറിലും പുറത്തും കയ്യിലും കുത്തുകയായിരുന്നു. ഡൈവേഴ്‌സ്‌ കേസു കൊടുത്തതിലുള്ള വിരോധത്തിലാണ് കൃത്യമെന്നാണ് വിവരം.

ഇരിങ്ങാലക്കുട ഡിവൈഎസ്പി ടികെ ഷൈജുവിന്റെ നിർദ്ദേശാനുസരണം എസ്എച്ച് അനീഷ് കരീം, എസ്‌ഐ ഷാജൻ എംഎസ്, ജലീൽ എംകെ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന നിഫാദ്, ബിജു എന്നി പൊലീസുദ്യോഗസ്ഥരുടെ സഹായത്തോടയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ പേരിൽ കൊടകര, മാള, വലപ്പാട് എന്നീ സ്റ്റേഷനുകളിലും കേസുകളുണ്ട്. ഗുരുതരമായി പരിക്കു പറ്റിയ രശ്മി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി ഐസിയുവിൽ ചികിത്സയിലാണ്. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഉമേഷ് കെ. വി, രാഹുൽ അമ്പാടൻ, സിപിഒ ലികേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

error: Content is protected !!
%d bloggers like this: