Site icon CTV Online

”ദൈവത്തെ പോലും വെറുതേ വിട്ടില്ല’; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം ശങ്കര്‍ദാസിന്റെ ഹരജി തള്ളി സുപ്രിംകോടതി

ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കർദാസ് നല്കിയ ഹരജി സുപ്രിംകോടതി തള്ളി.

നിങ്ങൾ ദൈവത്തെ പോലും വെറുതേ വിട്ടില്ലെന്നാണ് ഹരജിയിൽ കോടതി നിരീക്ഷണം നടത്തിയത്. ജസ്റ്റിസ് ദീപാങ്കർദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

ദേവസ്വം ബോർഡിന്റെ അന്നത്തെ മിനിറ്റ്സിൽ ശങ്കർദാസ് ഒപ്പിട്ടിരുന്ന കാര്യം കോടതി പ്രത്യേകം ചൂണ്ടിക്കാട്ടി. ശബരിമല സ്വർണക്കൊള്ളയിൽ ബോർഡ് അംഗം എന്ന നിലയിൽ ഉത്തരവാദിത്തം ഉണ്ടെന്നും കോടതി നിരീക്ഷണം. ജാമ്യം ആവശ്യമെങ്കിൽ ബന്ധപ്പെട്ട കോടതിയെ സമീപിക്കാനും കോടതി നിർദ്ദേശിച്ചു.

വലിയ ക്രമക്കേടാണ് നടന്നത് എന്നും പ്രായത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യത്തിൽ മാത്രമാണ് അനുകമ്പ എന്നും സുപ്രിം കോടതി വ്യക്തമാക്കി.

സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് അംഗങ്ങളായ കെ.പി ശങ്കർദാസിനും വിജയകുമാറിനും ഉത്തരവാദിത്തം ഉണ്ടെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിൽ പരാമർശിച്ചിരുന്നു. എന്നാൽ തങ്ങളുടെ ഭാഗം കേൾക്കാതെയാണ് ഇത്തരം പരാമർശം ഹൈക്കോടതിയിൽ നിന്നും ഉണ്ടായതെന്നും പരാമർശം നീക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹരജിയാണ് തള്ളിയത്.

Exit mobile version