newsdesk
നോവലായും സിനിമയായും മലയാളികൾ ഒന്നടങ്കം നെഞ്ചോട് ചേർത്ത കഥയാണ് ബെന്യാമിന്റെ ‘ആടുജീവിതം’. വെറും പത്ത് വരിയിൽ ‘ആടുജീവിതം’ കഥയെഴുതി സമൂഹ മാധ്യമങ്ങളിൽ വെെറലായിരിക്കുകയാണ് ചെരണ്ടത്തൂർ സ്വദേശിയായ നാലാംക്ലാസ് വിദ്യാർത്ഥിനി. നന്മ തേജസ്വിനി എന്ന കൊച്ചു മിടുക്കിയാണ് ഒരു നോവലിന്റെ മുഴുവൻ കഥയും ഒറ്റപ്പേജിലൊതുക്കി താരമായത്.
‘ഒരു ദിവസം നജീബ് എന്ന ഒരാൾ ജീവിച്ചിരുന്നു, ഒരുനാള് നജീബ് ദുബായിൽ പോയി, അവിടത്തെ അറബ് മനുഷ്യൻ നജീബിനെ പറ്റിച്ച് മരുഭൂമിയിൽ ഇട്ടു. കുറെ വർഷങ്ങൾ കഴിഞ്ഞു, നജീബ് ആടിന്റെ പുല്ലും ആടിന്റെ വെള്ളവും കുടിച്ച് ജീവിച്ചു. ഒരു ദിവസം നജീബിനെ രക്ഷിക്കാൻ ഒരാള് വന്നു. രക്ഷിച്ച് കൊണ്ട് പോയി. പെരിയോനേ റഹ്മാനെ… പെരിയോനേ റഹീം… ‘എന്നാണ് സിംപിളായി നോട്ടുബുക്കിൽ നന്മ തേജസ്വിനി എഴുതിയത്.
മന്തരത്തൂർ എം എൽ പി സ്കൂൾ വിദ്യാർത്ഥിനിയാണ് നന്മ തേജസ്വിനി. അധ്യാപകനായ ശ്രീജിത്ത് കുട്ടികൾ വായിച്ച കഥയെ കുറിച്ചോ കണ്ട സിനിമയെ കുറിച്ചോ എഴുതാൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കുട്ടി ആടുജീവിതം കഥ നോട്ട്ബുക്കിലെഴുതുന്നത്. ഇത് അധ്യാപകരിലൊരാൾ ഫേസ്ബുക്കിൽ പങ്കുവെക്കുകയായിരുന്നു. നോട്ടുബുക്കിൽ കുട്ടി എഴുതിയ കഥയുടെ ചിത്രം ബെന്യാമിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.