
newsdesk
വെറ്റിലപ്പാറ : വീടിനടുത്തുള്ള റബ്ബർ ഷീറ്റ് ഉണക്കുന്ന പുകപ്പുരക്ക് തീപിടിച്ച് പുകപ്പുരയും റബ്ബർ ഷീറ്റുകളും കത്തി നശിച്ചു. ഓടക്കയം കൂരങ്കല്ല് സ്വദേശി കള്ളിക്കാട് കെ. പി. മാത്യുവിന്റെ വീടിനോട് ചേർന്ന് നിർമ്മിച്ച പുകപ്പുരക്കാണ് തീപ്പിടിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. തീപ്പിടിച്ച ഉടനെ മുക്കം ഫയർ ഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. വീട്ടുകാരും ഓടിക്കൂടിയ അയൽവാസികളും ഫയർഫോഴ്സ് എത്തുന്നതിനു മുൻപ് അഗ്നിബാധ നിയന്ത്രണ വിധേയമാക്കിയിരുന്നു. തുടർന്ന് മുക്കം അഗ്നിശമന സേനയെത്തിയാണ് പൂർണമായും തീയണച്ചത്. ഉണക്കാനിട്ടിരുന്ന എട്ട് ക്വിന്റലോളം റബ്ബർ കത്തിനശിച്ചതായി കണക്കാക്കുന്നു. സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർമാരായ കെ. നാസ്സർ, കെ. സന്തോഷ് കുമാർ, സേനാംഗങ്ങളായ കെ. സി. സലീം , കെ. രജീഷ്, വൈ.പി. ഷറഫുദ്ധീൻ, വി. എം. മിഥുൻ, ചാക്കോ ജോസഫ്, ജി. ആർ. അജേഷ്, സനീഷ് പി. ചെറിയാൻ, വി. സുനിൽ കുമാർ എന്നിവരാണ് ഫയർ ഫോഴ്സ് സംഘത്തിൽ ഉണ്ടായിരുന്നത്.
