Site icon CTV Online

സ്‌കില്‍ഡ് ജോലികള്‍ ചെയ്യുന്നവര്‍ക്ക് 620 രൂപ; സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുപുള്ളികളുടെ കൂലി കുത്തനെ കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുപുള്ളികളുടെ കൂലി കുത്തനെ കൂട്ടി സര്‍ക്കാര്‍.സ്‌കില്‍ഡ് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 620 രൂപയായിരിക്കും പുതുക്കിയ വേതനം. സെമി സ്‌കില്‍ഡ് ജോലികളില്‍ 560 രൂപയും അണ്‍ സ്‌കില്‍ഡ് ജോലികളില്‍ 530 രൂപയുമാണ് പരിഷ്‌കരിച്ച തുക.

മുന്‍പ് അണ്‍ സ്‌കില്‍ഡ് ജോലികള്‍ ചെയ്യുന്നവര്‍ക്ക് 63 രൂപ ആയിരുന്നു കൂലി. ഇത് 530 രൂപയായാണ് ഉയര്‍ത്തിയത്. 127 രൂപ വേതനമുള്ളത് 560 ഉം 152 രൂപയുള്ളത് 620 രൂപയും ആയാണ് ഉയര്‍ത്തിയത്.ശിക്ഷാതടവുകാര്‍ക്ക് ആണ് കൂലിയുള്ള ജോലിയുള്ളത്. നാല് സെന്‍ട്രല്‍ ജയിലുകളിലെ തടവുകാര്‍ക്ക് ആനൂകൂല്യം ലഭിക്കും. പരിഷ്‌കാരത്തിലൂടെ മൂവായിരത്തിലധികം ജയില്‍പുള്ളികള്‍ക്കാണ് വേതനം കൂടുക.

2018 ല്‍ ആണ് തടവുപുള്ളികളുടെ വേതനം അവസാനമായി കൂട്ടിയത്. ഇത്രയും വലിയ തുക കൂട്ടുന്നത് ഇതാദ്യമാണ്. ജയിലിലെ അന്തേവാസികളെ സ്വയം പര്യാപ്തരാക്കി സമൂഹത്തിലേക്ക് മടക്കി അയക്കുക എന്ന ജയില്‍ വകുപ്പിന്റെ ദൗത്യം മുന്‍നിര്‍ത്തി സ്‌കില്‍ഡ്, സെമി സ്‌കില്‍ഡ്, അണ്‍സ്‌കില്‍ഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി സംസ്ഥാനത്തെ എല്ലാ ജയിലുകളിലെയും വേതന ഘടന ഏകീകരിച്ചാണ് വേതനം പരിഷ്‌കരിച്ചിട്ടുള്ളതെന്ന് ഉത്തരവില്‍ പറയുന്നുണ്ട്.

ജയില്‍ അന്തേവാസികളുടെ വേതന വര്‍ധനവ് കേവലം സാമ്പത്തിക വിഷയം മാത്രമല്ലെന്നും അവരുടെ അന്തസും പുനരധിവാസവും ഉറപ്പാക്കുന്ന നിര്‍ണായക നടപടി കൂടിയാണെന്നും ഉത്തരവില്‍ പറയുന്നു. വിവിധ ഉല്‍പാദന – നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അന്തേവാസികള്‍ നടത്തുന്ന കഠിനാധ്വാനത്തിന് കാലാനുസൃതമായ മൂല്യം നല്‍കേണ്ടത് അനിവാര്യമാണെന്നും ജയില്‍ ചട്ടങ്ങള്‍ പ്രകാരം ജയില്‍ അന്തേവാസികള്‍ക്ക് ലഭിക്കുന്ന വേതനം കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കായും ജയിലിലെ കാന്റീന്‍ ആവശ്യങ്ങള്‍ക്കും മോചനവിഹിതമായും വിനിയോഗിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.

കുടുംബത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിനും അധ്വാനത്തിന് മൂല്യമുണ്ടെന്ന ബോധം വളര്‍ത്തുന്നതിനും ഉതകുന്നതിനൊപ്പം മോചനാനന്തരമുള്ള സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതിലൂടെ വീണ്ടും കുറ്റകൃത്യങ്ങളിലേക്ക് വഴുതിപ്പോകാതെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടങ്ങിവരുന്നതിന് ജയില്‍ അന്തേവാസികള്‍ക്ക് സഹായകമാകുന്നതാണ് വേതന പരിഷ്‌കരണമെന്നാണ് ആഭ്യന്തര വകുപ്പ് പറയുന്നത്.

Exit mobile version