Site icon CTV Online

ദുരിതം തന്നെ : എൻഐടി അടിപ്പാത നിർമാണം നീളുന്നു; പരാതിയുമായി ജനം

കട്ടാങ്ങൽ ∙ എൻഐടി അടിപ്പാത നിർമാണവും സമീപത്തെ റോഡുകളുടെ നവീകരണവും അനിശ്ചിതമായി നീളുന്നതു മൂലം ദുരിതത്തിലായതായി വ്യാപാരികളുടെയും നാട്ടുകാരുടെയും പരാതി. ഒരു വർഷത്തിലധികമായി തുടരുന്ന നിർമാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കി സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന പരാതിയുമായി അധികൃതരെ സമീപിച്ചിരിക്കുകയാണു നാട്ടുകാർ.

റോഡ് പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതോടെ നാട്ടുകാർക്ക് ദുരിതത്തിനൊപ്പം കടകളിലേക്കും മറ്റും ആളുകൾ എത്താൻ മടിക്കുന്നതായി വ്യാപാരികളും ഗതാഗതക്കുരുക്കും തിരക്കും പതിവായതോടെ യാത്രക്കാർ മറ്റു വഴികളെ ആശ്രയിക്കുന്നതു മൂലം തൊഴിൽ ഇല്ലാത്ത സാഹചര്യമാണെന്ന് ഓട്ടോ, ടാക്സി, ബസ് അനുബന്ധ മേഖലയിലുള്ളവരും ആരോപിക്കുന്നു. സ്കൂൾ തുറന്നതോടെ വിദ്യാർഥികൾ അടക്കമുള്ളവർ അനുഭവിക്കുന്ന യാത്രാദുരിതവും ഏറെ. വൈദ്യുതി കാലുകൾ മാറ്റി സ്ഥാപിക്കാത്തത് മൂലം ആർഇസി– കമ്പനി മുക്ക് റോഡും നിർമാണം പാതി നിലച്ച നിലയിലാണ്.

ഇതോടെ പരിസരത്തെ പ്രധാന റോഡുകളിലൂടെ സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണെന്നു നാട്ടുകാരുടെ പരാതി. കോൺക്രീറ്റ് ചട്ടക്കൂടിൽ സംസ്ഥാന പാതയ്ക്കു കുറുകെ 20 മീറ്റർ വീതിയിൽ എൻഐടി ക്യാംപസിൽ നിർമിക്കുന്ന അടിപ്പാതയും 300 മീറ്റർ അപ്രോച്ച് റോഡും നിർമാണം തുടങ്ങി ഒരു വർഷവും 2 മാസവും പിന്നിട്ടിട്ടും പൂർത്തിയാകാതെ കിടക്കുന്നത് ദുരൂഹമാണെന്നാണു നാട്ടുകാരുടെ പരാതി.

പലപ്പോഴും വേണ്ടത്ര ജോലിക്കാർ ഇല്ലാതെ ഇഴഞ്ഞു നീങ്ങുന്നു എന്നാണ് ആരോപണം. അടിപ്പാത നിർമാണം എത്രയും പെട്ടെന്നു പൂർത്തിയാക്കി സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ഷരീഫ് മലയമ്മയുടെ നേതൃത്വത്തിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.

Exit mobile version