Site icon CTV Online

ആത്മഹത്യയ്ക്കും ഒരു കാരണം കാണില്ലേ?; കേസുമായി മുന്നോട്ടുപോകുമെന്ന് റിഫയുടെ മാതാവ്

Web Desk

റിഫയെ ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്തെന്ന് വ്യക്തമായി അറിയണമെന്ന് മാതാവ് ഷെറീന. കേസുമായി മുന്നോട്ടുപോകുമെന്നും തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ മെഹ്നാസ് എന്തിന് ഒളിവില്‍ പോകണമെന്നും ഷെറീന ചോദിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഉമ്മയുടെ പ്രതികരണം
റിഫയുടേത് തൂങ്ങിമരണമാണെങ്കിലും അതിന് തക്കതായ കാരണം ഉണ്ടാകും. അതിലേക്ക് നയിച്ച കാരണം എന്താണെന്ന് അറിയണം. ഒരാള്‍ വെറുതെ ആത്മഹത്യ ചെയ്യില്ല. അതിന് തക്കതായ കാരണം ഉണ്ടാകും. ആത്മഹത്യാപ്രേരണയ്ക്കാണ് മെഹ്നാസിനെതിരെ കേസ് കൊടുത്തത്. കേസുമായി മുന്നോട്ടുപോകുമെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മാതാവ് ഷെറീന പറഞ്ഞു.

അതേസമയം റിഫ മെഹ്നുവിന്റേത് തൂങ്ങിമരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലെ അടയാളം തൂങ്ങിമരണം സ്ഥിരീകരിക്കുന്നതാണെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണസംഘത്തിന് കൈമാറി. ഇനി ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം കൂടി ലഭിക്കാനുണ്ട്.റിഫയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചതിനെ തുടര്‍ന്ന്, രണ്ടുമാസത്തിന് ശേഷം പാവണ്ടൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ അടക്കം ചെയ്ത റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിദഗ്ധന്‍മാരാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

Exit mobile version