Site icon CTV Online

വിതരണക്കാരുടെ പണിമുടക്ക് : പല കടകളിലും റേഷന്ക്ഷാമം

തിരുവനന്തപുരം:വിതരണ കരാറുകാരുടെ പണിമുടക്ക് തുടരുന്നതോടെ പല റേഷൻ കടകളിലും സാധനങ്ങൾക്കു ക്ഷാമം. ഓരോ കാർഡ് ഉടമയ്ക്കും പൂർണ വിഹിതം നൽകാനുള്ള അരിയും ഗോതമ്പും ആട്ടയും പലയിടത്തും ഇല്ല. പച്ചരി, പുഴുക്കലരി, മട്ട അരി എന്നിങ്ങനെ 3 തരം വിവിധ അളവിലാണ് ഓരോ കാർഡ് ഉടമയ്ക്കും നൽകേണ്ടത്. മുൻഗണനാ വിഭാഗത്തിലെ മഞ്ഞക്കാർഡ് ഉടമകൾക്ക് 30 കിലോ വരെ അരി ഇങ്ങനെ നൽകണം. ഇതിനു സാധനങ്ങൾ തികയാത്ത സ്ഥിതിയാണ് പല ജില്ലകളിലും.

വരും ദിവസങ്ങളിൽ സ്ഥിതി രൂക്ഷമായേക്കും. സാധനങ്ങൾ ഗോഡൗണുകളിൽ നിന്നെടുത്ത് റേഷൻ കടകളിൽ ‘വാതിൽപ്പടി’ വിതരണം നടത്തുന്ന കേരള ട്രാൻസ്പോർട്ട് കോൺട്രാക്ടേഴ്സ് അസോസിയേഷൻ (എൻഎഫ്എസ്എ) ജനുവരി ഒന്നു മുതലാണു പണിമുടക്ക് ആരംഭിച്ചത്. സെപ്റ്റംബർ മുതലുള്ള ബിൽ തുക കുടിശികയായതോടെയാണ് സമരം തുടങ്ങിയത്. റേഷൻ വ്യാപാരികളുടെ 4 സംഘടനകൾ ഉൾപ്പെടുന്ന റേഷൻ കോഓർഡിനേഷൻ സംയുക്ത സമിതി 27 മുതൽ അനിശ്ചിതകാല സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. വേതന പാക്കേജ്1 പരിഷ്കരിക്കുക, കേന്ദ്ര സർക്കാരിന്റെ ഡയറക്ട് പേയ്മെന്റ് സംവിധാനം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണിത്.

‘ഇ പോസ് സ്കാനർ’ :അനങ്ങാതെ സർക്കാർ

റേഷൻ സാധനങ്ങൾ വാങ്ങാനായി വിരൽ പതിപ്പിക്കുന്ന ഇ പോസ് യന്ത്രത്തിലെ സ്കാനറുകൾ മാറ്റാൻ കേന്ദ്ര സർക്കാർ ഡിസംബർ 31 വരെ അനുവദിച്ച സമയം മാർച്ച് 31 വരെ നീട്ടി1 നൽകിയെങ്കിലും നടപടിയെടുക്കാതെ കേരളം. ആധാറുമായി ബന്ധപ്പെട്ട വിവരച്ചോർച്ച ഒഴിവാക്കുന്നതിന്, നിലവിലെ എൽ സീറോ (L0) വിഭാഗത്തിലെ സ്കാനർ മാറ്റി എൽ1 (L1) വിഭാഗത്തിലേതു ഘടിപ്പിക്കാനാണു കേന്ദ്രം ആവശ്യപ്പെട്ടത്. സംസ്ഥാനത്തു 14000 ഇ പോസ് യന്ത്രങ്ങളിൽ സ്കാനർ മാറ്റാൻ 3 മാസം വേണ്ടി വരും.

യന്ത്രത്തിന്റെ വാർഷിക പരിപാലന കരാർ പുതുക്കാത്തതിനാൽ കരാർ കമ്പനിയോട് ഇതിനു നിർദേശം നൽകാതെ ഒഴിഞ്ഞു മാറി നിൽക്കുകയാണു സംസ്ഥാന സർക്കാർ. ഇ പോസ് യന്ത്രത്തിൽ വിരൽ പതിപ്പിക്കുമ്പോൾ ആധാർ ഡേറ്റ കൂടി പരിശോധിച്ചാണു ഗുണഭോക്താവിനെ തിരിച്ചറിയുന്നത്. യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) നിർദേശപ്രകാരമാണ് ആധാർ അധിഷ്ഠിത സേവനങ്ങൾ നൽകുന്ന എല്ലാ സ്ഥാപനങ്ങളോടും കേന്ദ്രം സ്കാനർ മാറ്റാൻ ആവശ്യപ്പെട്ടത്.

Exit mobile version