റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാനായി കാത്തിരിക്കുകയാണോ ? അപേക്ഷകള്‍ 10 മുതല്‍ 20 വരെ

NEWSDESK

തിരുവനന്തപുരം: റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകള്‍ ഒക്‌ടോബര്‍ 10 മുതല്‍ 20 വരെ ഓണ്‍ലൈനായി സ്വീകരിക്കുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു. പൊതുജനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ www.civil supplieskerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലെ സിറ്റിസണ്‍ ലോഗിന്‍ വഴിയോ അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം മുന്‍ഗണനാ കാര്‍ഡിന് അര്‍ഹമായ രേഖകളും സമര്‍പ്പിക്കണം.

മുന്‍ഗണനാ കാര്‍ഡിന് വേണ്ടി നേരത്തേ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവരില്‍ നിന്ന് അര്‍ഹരായി കണ്ടെത്തിയ 11,348 പേര്‍ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മുന്‍ഗണനാ കാര്‍ഡുകള്‍ അനുവദിച്ചതായി മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു. പ്രതിമാസ ഫോണ്‍ ഇന്‍ പരിപാടിക്കിടെയാണ് മന്ത്രി ഇക്കാര്യം ഉപഭോക്താക്കളെ അറിയിച്ചത്. 90,493 പിഎച്ച്എച്ച് (പിങ്ക്) കാര്‍ഡുകളും, 2,96,455 എന്‍.പി. എന്‍.എസ് (വെള്ള) കാര്‍ഡുകളും 7306 എന്‍.പി.ഐ (ബ്രൗണ്‍) കാര്‍ഡുകളും ഉള്‍പ്പെടെ ആകെ 3,94,254 പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്തു. കൂടാതെ 3,51,745 പിഎച്ച്എച്ച് കാര്‍ഡുകളും 28,793 എ.എ.വൈ (മഞ്ഞ) കാര്‍ഡുകളും ഉള്‍പ്പെടെ 3,22,952 മുന്‍ഗണന കാര്‍ഡുകള്‍ തരം മാറ്റി നല്‍കിയതായും മന്ത്രി പറഞ്ഞു.

അനധികൃതമായി മുന്‍ഗണന കാര്‍ഡ് കൈവശം ഉപയോഗിച്ചിരുന്നവരില്‍ നിന്ന് 2021 മേയ് 21 മുതല്‍ ഈ വര്‍ഷം ഓഗസ്റ്റ് വരെ 44,609 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു. 5,21,48,697 രൂപ പിഴ ഈടാക്കുകയും ചെയ്തു. ‘ഓപ്പറേഷന്‍ യെല്ലോ’ യുടെ ഭാഗമായി 4,19,19,486 രൂപ പിഴ ഈടാക്കുകയും ചെയ്‌തെന്ന് മന്ത്രി അറിയിച്ചു.

error: Content is protected !!