യുഡിഎഫിന് ആശ്വാസം: കുന്നമംഗലം ഗ്രാമ പഞ്ചായത്തിൽ മെമ്പർമാരെ അയോഗ്യരാക്കിയ കേസ്സിൽ നിബന്ധനകളോടെ സ്റ്റേ

കുന്നമംഗലം : കുന്നമംഗലം ഗ്രാമ പഞ്ചായത്തിൽ പി കൗലത്ത്, ജിഷ ചോലക്കമണ്ണിൽ എന്നീ യു ഡിഎഫ് മെമ്പർമാരെ അയോഗ്യരാക്കിയ മുൻസിഫ് കോടതി വിധി ജില്ലാ കോടതി ഉപാധികളോടെ സ്റ്റേ ചെയ്തു. മുൻസിഫ് കോടതി വിധിക്കെതിരെ ഇവർ ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു. മെമ്പർമാരായി തുടരാമെങ്കിലും, വോട്ട് രേഖപ്പെടുത്താനോ ശമ്പളമടക്കമുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റാനോ ഇവർക്ക് കഴിയില്ല. വിധി യു ഡി എഫിന് താൽക്കാലികാശ്വാസമായെങ്കിലും എൽ ഡി എഫിന് രാഷ്ട്രീയ നേട്ടമാണ്. 23 അംഗങ്ങളുള്ള പഞ്ചായത്ത് ഭരണസമിതിയിൽ എൽഡിഎഫിന് പതിനൊന്നും യുഡിഎഫിന് ഒൻപതും ബിജെപിക്ക് രണ്ടും ഒരു സ്വതന്ത്ര അംഗവുമാണുള്ളത്. രണ്ടു യുഡിഎഫ് അംഗങ്ങൾക്ക് വോട്ട് രേഖപ്പെടുത്താൻ സാധിക്കാതെ വരുമ്പോൾ ഭരണപക്ഷത്തിന് 11 അംഗങ്ങളും പ്രതിപക്ഷത്തിന് വോട്ടവകാശമുള്ള 10 അംഗങ്ങളും മാത്രമേ ഉണ്ടാവൂ. ഇതോടെ പ്രതിപക്ഷത്തിൻ്റെ സഹായമില്ലാതെ തന്നെ നിർണ്ണായക തീരുമാനങ്ങൾ എടുത്തു നടപ്പിലാക്കാൻ ഭരണപക്ഷത്തിന് സാധിക്കും.

2011-12 പദ്ധതി വർഷം നടപ്പിലാക്കിയ ചിലപദ്ധതികൾ സർക്കാർ മാർഗ്ഗ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായതിനാൽ പഞ്ചായത്തിനുണ്ടായ നഷ്ടം യോഗത്തിൽ പങ്കെടുത്ത മെമ്പർമാരിൽ നിന്ന് ഈടാക്കണമെന്നുള്ള ഓഡിറ്റ് നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ, അന്ന് മെമ്പർമാരായിരുന്ന കൗലത്ത്, ജിഷ ചോലക്കമണ്ണിൽ എന്നിവർ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യരാണെന്നായിരുന്നു എൽ ഡി എഫിൻ്റെ ആക്ഷേപം. ഓഡിറ്റ് റിപ്പോർട്ട് ഹൈക്കോടതി സ്റ്റേ ചെയ്തതിനാൽ ഇവർക്ക് മത്സരിക്കാൻ തടസ്സമില്ലെന്നായിരുന്നു യു ഡി എഫിൻ്റെ വാദം. എന്നാൽ തുക ഈടാക്കാൻ സെക്രട്ടറി പുറപ്പെടുവിച്ച റിക്കവറി നോട്ടീസിന് മാത്രമേ സ്റ്റേ ബാധകമുള്ളൂവെന്നും പഞ്ചായത്തിന് മെമ്പർമാർ കൊടുത്ത് തീർക്കാനുള്ള ബാധ്യത ഇപ്പോഴും നിലനിൽക്കുന്നുമുണ്ടെന്ന എൽ ഡി എഫിൻ്റെ തടസ്സവാദം അംഗീകരിച്ച മുൻസിഫ് കോടതി, രണ്ട് പേരുടെയും തിരഞ്ഞെടുപ്പ് അസാധുവാക്കുകയായിരുന്നു.

error: Content is protected !!