
newsdesk
കോഴിക്കോട് : പുതിയ സംരംഭകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായ വകുപ്പ് സംസ്ഥാന തലത്തിൽ നടപ്പാക്കി കൊണ്ടിരിക്കുന്ന ” എം എസ് എം ഇ സംരംഭങ്ങൾക്ക് 3 വർഷത്തേക്ക് ലൈസൻസ് വേണ്ട ” എന്ന പ്രോത്സാഹന പദ്ധതിയിൽ ഉൾപ്പെടുത്താൻ വേണ്ടി തെറ്റായ വിവരങ്ങൾ നൽകി കെ-സ്വിഫ്റ്റ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന കാലിക്കറ്റ് ട്രേഡ് സെന്ററിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കി പിഴ ചുമത്തി നിയമ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൗരാവകാശ സംരക്ഷണ സമിതി വ്യവസായ വകുപ്പ് ജില്ലാ ഓഫീസർക്ക് പരാതി നൽകി.
സരോവരത്തെ കാലിക്കറ്റ് ട്രേഡ് സെന്റർ കെട്ടിടത്തിലെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു മാറ്റി യു എസ് സി ഫീ ചുമത്താനും ലൈസൻസ് ഇല്ലാത്തതിന്റെ പേരിൽ 2019 മുതൽ നോട്ടീസുകൾ നൽകിയിട്ടും ഫലമില്ലാതെ സീൽ ചെയ്ത് പൂട്ടാനുള്ള കോഴിക്കോട് കോർപ്പറേഷൻ നീക്കം നിലനിൽക്കേ സംസ്ഥാന വ്യവസായ വകുപ്പിന്റെ പുതിയ വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ട് എം എസ് എം ഇ സംരംഭങ്ങൾക്ക് 3 വർഷത്തേക്ക് ലൈസൻസ് ആവശ്യമില്ല എന്ന പദ്ധതിയുടെ മറവിൽ സ്ഥാപനം തെറ്റായ വിവരങ്ങൾ നൽകിയാണ് പ്രവർത്തിച്ചു വരുന്നത്.
ഇരുപതിനായിരം ചതുരശ്ര അടി വിസ്തീർണ്ണത്തിന് താഴെയുള്ളവർക്ക് മാത്രം ബാധകമായിട്ടുള്ള പുതിയ സംരംഭകരെ ഉദ്ദേശിച്ച് നടത്തുന്ന പദ്ധതിയിൽ എൺപത്തിരണ്ടായിരം ചതുരശ്ര അടിയിൽ അധികം വിസ്തീർണമുള്ള കാലിക്കറ്റ് ട്രേഡ് സെന്റർ കൺവെൻഷൻ ഹാൾ തെറ്റായ വിവരങ്ങൾ നൽകിയാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി , തീരദ്ദേശ പരിപാലന നിയമം, ഭൂമിയുടെ തരം തുടങ്ങി ഒട്ടേറെ നിയമങ്ങൾ ബാധകമാകുന്ന കെട്ടിടത്തിന് കോർപ്പറേഷൻ ഇതുവരെ സ്ഥാപനത്തിന് ലൈസൻസ് അനുവദിച്ചിട്ടില്ല.
വിവിധ മാനദണ്ഡങ്ങൾ പാലിക്കാതെ സ്ഥാപനത്തിന്റെ ലൈസൻസിന് വേണ്ടിയുള്ള അപേക്ഷ കോർപ്പറേഷൻ ഇതിനകം നിരസിച്ചിരുന്നു. ഇവ നിലനിൽക്കേയാണ് വളഞ്ഞ വഴിയിലൂടെ സ്ഥാപനം തെറ്റായ വിവരങ്ങൾ നൽകി റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് പ്രവർത്തിച്ചു വരുന്നത്. എം എസ് എം ഇ ലൈസൻസ് പ്രകാരം പ്രവർത്തിക്കുന്ന വിവരം പോലീസ് സ്പെഷ്യൽ ബ്രാഞ്ചും സ്ഥിതികരിച്ചിട്ടുള്ളതാണ്.
തെറ്റായ വിവരങ്ങൾ നൽകിയ എം എസ് എം ഇ സർട്ടിഫിക്കറ്റ് സമ്പാദിക്കുന്നത് 5 ലക്ഷം രൂപ പിഴ ഈടാക്കുന്നതാണ് നിയമം.
വ്യാജ വിവരങ്ങൾ നൽകി ഉദ്യോഗസ്ഥരെയും മറ്റും തെറ്റിദ്ധരിപ്പിച്ച് പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെ പിഴ ചുമത്തി നിയമ നടപടികൾ സ്വീകരിക്കണമെന്നും ലൈസൻസ് ഇല്ലാതെ ഇപ്പോഴും പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്ത കോർപ്പറേഷൻ നിലപാടിനെതിരെ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടർ ഇടപെടണമെന്നും പൗരവകാശ സംരക്ഷണ സമിതി ചെയർമാൻ സതീഷ് പാറന്നൂർ ആവശ്യപ്പെട്ടു.
