newsdesk
ഒറ്റയടിക്ക് റീചാര്‍ജ് നിരക്കുകള്‍ കുത്തനെ കൂട്ടിയിരിക്കുകയാണ് പ്രമുഖ ടെലികോം കമ്പനികള്‍. വിവിധ പ്ലാനുകളില്‍ 25 ശതമാനം വരെ നിരക്ക് വര്‍ധനയാണ് നടത്തിയിരിക്കുന്നത്. വര്‍ധിപ്പിച്ച തുകയുടെ പുതിയ റീച്ചാര്‍ജ് പ്ലാനുകള്‍ ഇതിനകം നിലവില്‍ വന്നുകഴിഞ്ഞു.
എന്നാല്‍ കൂട്ടുന്നവര്‍ കൂട്ടിക്കോട്ടെ ഞങ്ങളെ അത് ബാധിക്കില്ല എന്ന നിലപാടിലാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏക ടെലിക്കോം സ്ഥാപനമായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (BSNL).അതായത് ബിഎസ്എന്നില്‍ റീചാര്‍ജ് നിരക്കില്‍ ഒരുമാറ്റവും വന്നിട്ടില്ല. മറ്റ് കമ്പനികളുടെ റീച്ചാര്‍ജ് നിരക്ക് വര്‍ധനയ്ക്ക് മുന്‍പ് തന്നെ ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് പ്ലാനുകള്‍ വളരെ ലാഭകരമായിരുന്നു.
അതായത് മറ്റ് ടെലിക്കോം കമ്പനികള്‍ നല്‍കുന്നതിനെക്കാള്‍ കുറഞ്ഞ നിരക്കില്‍ ഏറ്റവും മികച്ച ആനുകൂല്യങ്ങള്‍ ബിഎസ്എന്‍എല്‍ നല്‍കിവരുന്നു. ഇപ്പോള്‍ സ്വകാര്യ കമ്പനികള്‍ നിരക്ക് കൂട്ടിയപ്പോഴും ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് പ്ലാനുകള്‍ക്ക് ഒരു കുലുക്കവും ഉണ്ടായിട്ടില്ല. ചുരുക്കി പറഞ്ഞാല്‍ മുന്‍പ് ലഭ്യമായിരുന്ന അതേവിലയില്‍ ഇപ്പോഴും ബിഎസ്എന്‍എല്ലില്‍ റീ ചാര്‍ജ് ചെയ്യാനാകും. മാത്രമല്ല, സ്വകാര്യ കമ്പനികളുടെ പ്ലാന്‍ നിരക്ക് കൂടിയതോടെ മറ്റ് കമ്പനികളെ അപേക്ഷിച്ച് ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് പ്ലാനുകള്‍ ഉപയോഗിച്ച് റീച്ചാര്‍ജ് ചെയ്യുന്നത് കൂടുതല്‍ ലാഭകരമായി മാറിയിരിക്കുന്നു.
ബിഎസ്എന്‍എല്ലിന്റെ അടിസ്ഥാന പ്രീപെയ്ഡ് പ്ലാന്‍ വെറും 107 രൂപയ്ക്ക് ലഭ്യമാകുമ്പോള്‍ ജിയോയുടേത് 189 ആയി മാറിയിട്ടുണ്ട്. അതേസമയം കുറഞ്ഞ ചെലവില്‍ റീചാര്‍ജ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ബിഎസ്എന്‍എല്ലിലേക്ക് മാറാന്‍ അവസരമുണ്ട്. നെറ്റ്‌വര്‍ക്ക് വേഗതയാണ് ബിഎസ്എന്‍എല്ലിലേക്ക് മാറുന്നതിന് തടസമായി കാണുന്നതെങ്കില്‍ നിലവില്‍ പലയിടത്തും ബിഎസ്എന്‍എല്ലിന്റെ അവസ്ഥ മെച്ചപ്പെട്ട് വരുന്നുണ്ട്. 4ജി വ്യാപനം നടക്കുന്നതിനാല്‍ അധികം വൈകാതെ നെറ്റ്‌വര്‍ക്ക് തകരാറുകള്‍ പരിഹരിക്കപ്പെടുകയും ഡാറ്റ വേഗം കൂടുകയും ചെയ്യും.4ജി സൈറ്റുകളുടെ എണ്ണം 2024 ഏപ്രിലില്‍ 3,500 4ജി ടവറുകളില്‍ നിന്ന് ഇപ്പോള്‍ 10,000 ആയി ഗണ്യമായി വര്‍ധിച്ചു.
ഉപഭോക്താക്കള്‍ അവരുടെ സിം കാര്‍ഡുകള്‍ 4ജി അനുയോജ്യമായ ഒന്നിലേക്ക് അപ്‌ഗ്രേഡ് ചെയ്യേണ്ടതുണ്ട്. പുതിയ പ്ലാനുകള്‍ ആവശ്യമില്ലാതെ തന്നെ ഉപയോക്താക്കള്‍ക്ക് അവരുടെ നിലവിലുള്ള പ്ലാനുകളില്‍ 4ജി വേഗത ആസ്വദിക്കാനാകും.