കോഴിക്കോട് എൻ.ഐ.ടിയിൽ ഇന്റഗ്രേറ്റഡ് ബി.എസ്.സി-ബി.എഡ് ന് തുടക്കമായി

newsdesk

കോഴിക്കോട്: ബി എസ്‌സി – ബി.എഡ് വിദ്യാർത്ഥികളുടെ ആദ്യ ബാച്ച് കോഴിക്കോട് നാഷണൽ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അധ്യയനം ആരംഭിച്ചു. ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യൂക്കേഷൻ പ്രോഗ്രാമിന് (ഐടിഇപി) കീഴിൽ മൊത്തം 50 വിദ്യാർത്ഥികൾക്കാണ് ഒരു വർഷം എൻഐടിസിയിൽ ബി.എസ്‌സി.- ബി.എഡിന് അഡ്മിഷൻ ലഭിക്കുക.

ചൊവ്വാഴ്ച എൻ ഐ ടി സിയിൽ വച്ച് നടന്ന ഓറിയെന്റേഷൻ പ്രോഗ്രാമോടുകൂടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ കോഴിക്കോട് എൻഐടിയിൽ അധ്യാപന പരിശീലനത്തിന് തുടക്കം കുറിച്ചു. അധ്യാപക വിദ്യാഭ്യാസ മേഖലയുടെയും പുനരുജ്ജീവനത്തിൽ സുപ്രധാന പങ്ക് വഹിക്കുന്ന വിധത്തിലാണ് ഐടിഇപി വിഭാവനം ചെയ്തിരിക്കുന്നത്. മൾട്ടി ഡിസിപ്ലിനറി പരിതസ്ഥിതിയിൽ ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകർ നൽകുന്ന സമഗ്ര പരിശീലനം വിദ്യാർത്ഥികളെ മികച്ച അധ്യാപകരായി വളരാൻ സഹായിക്കും.

ഭാരത സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിൽ ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ടു ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയി പ്രവർത്തിച്ചിരുന്ന ഡോ. ഷാക്കില ടി ഷംസു എൻ ഐ ടി കാലിക്കറ്റിലെ ആദ്യ ബി എസ്‌സി- ബി എഡ് ബാച്ചിന്റെ പ്രവർത്തനം ഉത്‌ഘാടനം ചെയ്തു. ഐ.ടി.ഇ.പി അധ്യാപക വിദ്യാഭ്യാസത്തെ പ്രൊഫഷണലൈസ് ചെയ്യുന്നതരത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് അവർ പ്രസംഗത്തിൽ പറഞ്ഞു. പ്ലസ് ടു വിദ്യാഭ്യാസത്തിന് ശേഷം അധ്യാപക വിദ്യാഭ്യാസ പരിശീലനം തിരഞ്ഞെടുക്കുന്നവർക്ക് എളുപ്പത്തിൽ പ്രഫഷണലിസം വികസിപ്പിക്കാനാവുമെന്നും എന്നാൽ ബിരുദത്തിന് ശേഷം അധ്യാപക പരിശീലന രംഗത്തേക്ക് കടക്കുന്നവർക്ക് പ്രൊഫഷണലിസം പരിപോഷിപ്പിക്കാൻ അത്രതന്നെ അവസരം ലഭിക്കുന്നില്ല എന്നും അവർ പറഞ്ഞു.

“ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, മറ്റ് സാങ്കേതികവിദ്യകൾ എന്നിവയുടെ സ്വാധീനം നിലനിൽക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ഈ സ്വാധീനങ്ങളെല്ലാം പഠനത്തിന്റെ രൂപാന്തരീകരണത്തെ സഹായിക്കുന്നു. അതിനാൽ, ഏകീകൃത പഠനത്തിലുപരിയായി ബഹുമുഖ പഠനം പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണ്” എന്നും ഡോ.ഷാക്കില പറഞ്ഞു.

നിലവിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലാണ് എൻഐടി കാലിക്കറ്റ് ബിഎസ്സി-ബിഎഡ് (സെക്കൻഡറി ലെവൽ) വാഗ്ദാനം ചെയ്യുന്നത്. നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷന്റെ കീഴിൽ 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ നിർദ്ദേശ പ്രകാരമാണ് നാലുവർഷ സംയോജിത ബി എസ്‌സി- ബി എഡ് പ്രോഗ്രാം എൻ ഐ ടി യിൽ ആരംഭിച്ചിരിക്കുന്നത്.

കാലിക്കറ്റ് എൻഐടിയിലെ ഐടിഇപി വിദ്യാർത്ഥികൾക്ക് സയൻസ്, ടെക്നോളജി, വിദ്യാഭ്യാസം, മാനേജ്മെന്റ് സ്റ്റഡീസ് എന്നിവയിൽ അറിവ് നേടാനും മൾട്ടിഡിസിപ്ലിനറി വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന തത്വം ഉൾക്കൊള്ളാനും ഐ ടി ഇ പി യിലൂടെ അവസരം ലഭിക്കുമെന്ന് എൻഐടിസി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ പറഞ്ഞു. യഥാർത്ഥ അറിവ് നേടുന്നതിന് നിരീക്ഷണ വൈദഗ്ധ്യം വികസിപ്പിക്കാനും ശ്രദ്ധിച്ച് കേൾക്കാനും ചോദ്യം ചെയ്യാനും സംവദിക്കാനും പ്രതിഫലിപ്പിക്കാനും സ്വാംശീകരിക്കാനുമുള്ള കഴിവുകൾ നേടിയെടുക്കണമെന്ന് അദ്ദേഹം വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.

ഐടിഇപി വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി ചൊവ്വാഴ്ച ഭാസ്കര ഹാളിൽ ഓറിയന്റേഷൻ പ്രോഗ്രാമും സംഘടിപ്പിച്ചു. എൻ ഐ ടി സി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ, അക്കാദമിക് വിഭാഗം ഡീൻ ആയ പ്രഫ. സമീർ എസ്.എം., ഫാക്കൽറ്റി വെൽഫെയർ വിഭാഗം ഡീനും രജിസ്ട്രാർ ഇൻ ചാർജുമായ പ്രൊഫ. ജെ സുധാകുമാർ, ഐ.ടി.ഇ.പി ചെയർമാൻ പ്രൊഫ. സുനിൽ ജേക്കബ് ജോൺ, ഐ.ടി.ഇ.പി വൈസ് ചെയർമാൻ ഡോ.രാമൻ നമ്പൂതിരി സി.കെ എന്നിവർ ഉദ്ഘാടനത്തിൽ പങ്കെടുത്തു.

സ്റ്റുഡന്റ്സ് വെൽഫെയർ വിഭാഗം ഡീൻ പ്രൊഫ. രജനികാന്ത് ജി.കെ., കൗൺസിൽ ഓഫ് വാർഡൻസ് ചെയർമാൻ പ്രൊഫ. സത്യാനന്ദ പാണ്ഡ, എഡ്യൂക്കേഷൻ ടെക്നോളജി ആൻഡ് ലൈബ്രറി ചെയർമാൻ പ്രൊഫ.പി. പരമേശ്വരൻ, സ്റ്റുഡന്റ് ഗൈഡൻസ് സെല്ലിന്റെ ചുമതലയുള്ള അസിസ്റ്റന്റ് പ്രൊഫസർ ഡോ.എം.യോഗേഷ് കുമാർ, ഹെൽത്ത് സെന്ററിന്റെ ചുമതലയുള്ള അസിസ്റ്റന്റ് പ്രൊഫസർ ഡോ.വിനീഷ് രവി എന്നിവർ എൻഐടിസിയിൽ ലഭ്യമായ സൗകര്യങ്ങൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി പരിചയപ്പെടുത്തി.

error: Content is protected !!