Site icon CTV Online

പുതുവത്സര ദിനത്തില്‍ റേഷൻ കടകൾ തുറക്കില്ല; റേഷൻ വ്യാപാരികൾ കടയടപ്പ് സമരം നടത്തും

കോഴിക്കോട്: പുതുവത്സര ദിനത്തില്‍ റേഷൻ വ്യാപാരികൾ കടയടപ്പ് സമരം പ്രക്യപിച്ചു. സംസ്ഥാനത്തെ പതിനാലായിരത്തിലധികം ചില്ലറ റേഷൻ വ്യാപാരികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് റേഷൻ വ്യാപാരികളുടെ സംയുക്ത കൂട്ടായ്മയാണ് സമരത്തിന് നേതൃത്യം നൽകുന്നത് .

ജനുവരി ഒന്നിന് കടകളടച്ച്‌ കുടുംബ സമേതം ജില്ലാ കേന്ദ്രങ്ങളില്‍ ധർണ നടത്താൻ കൂട്ടായ്മ തീരുമാനിച്ചു. പ്രശ്‌നത്തിന് പരിഹാരമുണ്ടാകുന്നില്ലെങ്കില്‍ ഫെബ്രുവരി ഒന്നു മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കും. കഴിഞ്ഞ എട്ട് വർഷമായി സംസ്ഥാനത്തെ 95 ലക്ഷത്തിലധികം വരുന്ന കുടുംബങ്ങള്‍ക്ക് റേഷനും ഉത്സവകാല സ്‌പെഷ്യല്‍ റേഷനുംനല്‍കുന്ന റേഷൻ വ്യാപാരികളുടെ പാക്കേജ് പരിഷ്‌ക്കരിക്കുന്നത് അനന്തമായി നീട്ടി കൊണ്ട് പോകുന്നതില്‍ പ്രതിഷേധിച്ചാണ് സമരം.

ക്ഷേമനിധിയില്‍ സർക്കാർ വിഹിതം ഉറപ്പാക്കുക, പകർച്ചവ്യാധി, കോവിഡ് മഹാവ്യാധി തുടങ്ങിയ ഭീതി പരത്തുന്ന സന്ദർഭങ്ങളില്‍ നിർഭയത്തോടെ സർക്കാറിനൊപ്പം പ്രവർത്തിക്കുന്ന റേഷൻ വ്യാപാരികള്‍ക്ക് ആരോഗ്യ ഇൻഷൂറൻസ് പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും സമരത്തിൽ ഉന്നയിക്കുന്നുണ്ട്.

മണ്ണെണ്ണ എത്തിച്ചു നല്‍കാതെ ധാർഷ്ട്യം കാണിക്കുന്ന മണ്ണെണ്ണ ഡിപ്പോകള്‍ക്കെതിരേ കർശന നടപടികള്‍ സ്വീകരിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെടുന്നു. തുടരെ നിവേദനങ്ങള്‍ നല്‍കിയിട്ടും പരിഹാരമില്ലാത്ത സാഹചര്യത്തിലാണ് സമരത്തിലേക്ക് നീങ്ങുന്നതെന്ന് അഡ്വ. ജോണി നെല്ലൂർ, ടി. മുഹമ്മദാലി, കാടാമ്പുഴ മൂസ, കെ.ബി ബിജു എന്നീ സംയുക്ത റേഷൻ കൂട്ടായ്മ നേതാക്കള്‍ അറിയിച്ചു.

.

Exit mobile version