രൺജീത് ശ്രീനിവാസ് വധക്കേസ്: 15 പ്രതികൾക്കും വധശിക്ഷ

മാവേലിക്കര ∙ ബിജെപി നേതാവും അഭിഭാഷകനുമായിരുന്ന രൺജീത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികൾക്കും വധശിക്ഷ. അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി (ഒന്ന്) വി.ജി.ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് ഈ മാസം 20നു വിധിച്ചിരുന്നു. തുടർന്ന് പ്രതികളെയും കേട്ട ശേഷമാണു ശിക്ഷ വിധിക്കുന്നതിനായി ഇന്നത്തേക്കു മാറ്റിയത്. ശിക്ഷ വിധിക്കുന്ന സാഹചര്യത്തിൽ കോടതി പരിസരത്തു ശക്തമായ സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയത്. ചെങ്ങന്നൂർ, കായംകുളം ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണു കോടതിയിൽ സുരക്ഷ ഒരുക്കിയത്.

2021 ഡിസംബർ 19 ന് രൺജീത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽ കയറി കുടുംബാംഗങ്ങളുടെ മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തി എന്നാണു പ്രോസിക്യൂഷൻ കേസ്. ആലപ്പുഴ ജില്ലയിൽ തുടർച്ചയായി നടന്ന 3 രാഷ്ട്രീയ കൊലപാതകങ്ങളിൽ ഒടുവിലത്തേതായിരുന്നു ഇത്.
വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ ആർ.നന്ദുകൃഷ്ണയാണ് ആദ്യം കൊല്ലപ്പെട്ടത്. പ്രതികാരമെന്ന പോലെ പിന്നീട് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനിനെ മണ്ണഞ്ചേരിയിൽ കൊലപ്പെടുത്തി. അതിന്റെ പിറ്റേന്നു രാവിലെയായിരുന്നു രൺജീത് വധം.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ ആലപ്പുഴ കോമളപുരം അമ്പനാകുളങ്ങര മാച്ചനാട് കോളനിയിൽ നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് വടക്കേച്ചിറപ്പുറം അജ്മൽ, ആലപ്പുഴ വെസ്റ്റ് മുണ്ടുവാടയ്ക്കൽ അനൂപ്, ആര്യാട് തെക്ക് അവലക്കുന്ന് ഇരക്കാട്ട് മുഹമ്മദ് അസ്‌ലാം, മണ്ണഞ്ചേരി ഞാറവേലിൽ അബ്ദുൽ കലാം എന്ന സലാം, അടിവാരം ദാറുസബീൻ വീട്ടിൽ, അബ്ദുൽ കലാം, ആലപ്പുഴ വെസ്റ്റ് തൈവേലിക്കകം സറഫുദീൻ, മണ്ണഞ്ചേരി ഉടുമ്പിത്തറ മൻഷാദ്, ആലപ്പുഴ വെസ്റ്റ് കടവത്ത്ശേരി ചിറയിൽ വീട്ടിൽ ജസീബ് രാജ, മുല്ലക്കൽ വട്ടക്കാട്ടുശേരി നവാസ്, കോമളപുരം തയ്യിൽ വീട്ടിൽ സമീർ, മണ്ണഞ്ചേരി നോർത്ത് ആര്യാട് കണ്ണറുകാട് നസീർ, മണ്ണഞ്ചേരി ചാവടിയിൽ സക്കീർ ഹുസൈൻ, തെക്കേ വെളിയിൽ ഷാജി എന്ന പൂവത്തിൽ ഷാജി, മുല്ലക്കൽ നൂറുദ്ദീൻ പുരയിടത്തിൽ ഷെർനാസ് അഷറഫ് എന്നിവരാണു പ്രതികൾ . പത്താം പ്രതി മുല്ലയ്ക്കൽ വട്ടക്കാട്ടുശേരി നവാസ് രോഗബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സ്പെഷൽ പ്രോസിക്യൂട്ടർ പ്രതാപ് ജി.പടിക്കൽ ആണു പ്രോസിക്യൂഷനു വേണ്ടി ഹാജരായത്. പ്രതികളുടെ സാമൂഹിക അവസ്ഥ സംബന്ധിച്ചു സംസ്ഥാന സർക്കാർ, ജില്ലാ പ്രബേഷൻ ഓഫിസർ, ജയിലിലെ പെരുമാറ്റം സംബന്ധിച്ചു മാവേലിക്കര സ്പെഷൽ സബ് ജയിൽ സൂപ്രണ്ട്, മാനസിക ആരോഗ്യം സംബന്ധിച്ചു സൈക്യാട്രി വിഭാഗം എന്നിവരുടെ റിപ്പോർട്ട് കോടതി വാങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!