Site icon CTV Online

പരസ്പരം ഭക്ഷണ സാധനങ്ങള്‍ കൈമാറരുത്; യുഎഇ റമദാന്‍ കൊവിഡ് നിബന്ധനകള്‍

Web Desk

കൊവിഡ് പകര്‍ച്ചവ്യാധിയ്ക്കിടയില്‍ യുഎഇയില്‍ റമദാന്‍ ആഘോഷങ്ങളെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു. നിയന്ത്രണങ്ങളോടെയാണ് ഇപ്രാവശ്യവും രാജ്യത്ത് റമദാന്‍ കൊണ്ടാടുന്നത്. അല്‍ ക്വയിനിലെ എമര്‍ജന്‍സി, ക്രൈസിസ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ടീം വ്യാഴാഴ്ച പുതിയ നിബന്ധനകള്‍ പുറത്തിറക്കി.
പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പ്രകാരം, വീടുകളിലുള്ള സന്ദര്‍ശനങ്ങള്‍ക്കും സംഗമങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പകരം കുടുംബാംഗങ്ങള്‍ എല്ലാവരും ഓണ്‍ലൈനില്‍ കാണണമെന്ന് അഭ്യര്‍ഥിച്ചു. പരസ്പരം ഭക്ഷണം കൈമാറുകയോ വിതരണം ചെയ്യുകയോ ചെയ്യരുതെന്നും നിര്‍ദേശമുണ്ട്.

ഒരു കുടുംബത്തിന്റെയോ അല്ലെങ്കില്‍ സംഘടനയുടെയോ ഇഫ്താര്‍, റമദാന്‍ കൂടാരങ്ങള്‍ എന്നിവ നിരോധിച്ചിട്ടുണ്ട്. ആളുകള്‍ ഒത്തുചേരലുകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ എമിറേറ്റ് അധികൃതര്‍ നിര്‍ദേശിച്ചതിനാലാണിത്.

ജോലി സ്ഥലങ്ങളില്‍ ഖുറാനുകളും മറ്റ് സമ്മാനങ്ങളും വിതരണം ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. റെസ്‌റ്റോറന്റുകള്‍ അവരുടെ ബിസിനസ്സിനകത്തോ മുന്നിലോ സുഹൂര്‍ ഭക്ഷണം വിതരണം ചെയ്യുന്നത് വിലക്കിയിട്ടുണ്ട്. കരാര്‍ ചെയ്ത റെസ്‌റ്റോറന്റുകള്‍ ഓരോ ലേബര്‍ ക്യാമ്പിന്റെയും മാനേജ്‌മെന്റുമായി ഏകോപിപ്പിച്ച് മാത്രമേ ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്യുകയുള്ളൂ. ഈ ഭക്ഷണം എല്ലായ്‌പ്പോഴും പ്രത്യേക ബാഗുകളിലോ ബോക്‌സുകളിലോ സൂക്ഷിക്കണം.
സകാത്ത് അല്ലെങ്കില്‍ ഏതെങ്കിലും സംഭാവനകള്‍ ഇലക്ട്രോണിക് രൂപത്തില്‍ നല്‍കാന്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. സ്ത്രീകളുടെ പ്രാര്‍ഥനാ മുറികള്‍, സേവന, ആരോഗ്യ സൗകര്യങ്ങള്‍ ദേശീയപാതകളിലെ പ്രാര്‍ഥനാ മുറികള്‍ എന്നിവ അടച്ചിരിക്കും.

നേരത്തെ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി താരാവിഹ് നമസ്‌കാരങ്ങള്‍ നടത്തും. ഈ പ്രാര്‍ഥനയ്ക്ക് പരമാവധി 30 മിനിറ്റ് പരിധി ആയിരിക്കും നിശ്ചയിക്കുക. മാത്രമല്ല, ഖുറാന്‍ പാരായണങ്ങള്‍ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്നായിരിക്കും പള്ളികളില്‍ മുഴങ്ങുക. ഖുറാന്റെ ഹാര്‍ഡ് കോപ്പികള്‍ക്ക് പള്ളികളില്‍ അനുവദിക്കില്ല.

Exit mobile version