NEWSDESK
മുക്കം∙ കനത്ത മഴയിൽ ഇരുവഞ്ഞിപ്പുഴ, ചാലിയാർ, ചെറുപുഴകൾ കരകവിഞ്ഞൊഴുകി റോഡുകൾ വെള്ളത്തിൽ മുങ്ങി. ഒട്ടേറെ ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. പ്രധാന റോഡുകളും വെള്ളത്തിൽ മുങ്ങി ഗതാഗതം സ്തംഭിച്ചു. വീടുകളിലും വെള്ളം കയറി. നഗരസഭയിലും പഞ്ചായത്തുകളിലും ദുരിതാശ്വാസ ക്യാംപുകൾ തുടങ്ങി.
കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി അങ്ങാടിയും നഗരസഭയിലെ പുൽപറമ്പ് അങ്ങാടിയും വെള്ളത്തിലായി. ഒട്ടേറെ കടകളിലും വെള്ളം കയറി
താഴത്തുമുറി, കണ്ടങ്ങൽ, കണിച്ചാടി, കുറുവാടങ്ങൽ ഭാഗങ്ങളിലും നഗരസഭയിലെ മാമ്പൊയിൽ, പെരളിയിൽ, മൂലത്ത് തുടങ്ങിയ ഭാഗങ്ങളിലും ഒട്ടേറെ വീടുകൾ ഒഴിപ്പിച്ചു.
കൊടിയത്തൂർ കാരാട്ട് മുറി പ്രദേശത്തു ഇരുപതോളം വീടുകൾ വെള്ളത്തിലായി
അഗ്നിരക്ഷാ സേന നഗരസഭയിലെ 19 വീടുകളിൽ രക്ഷാപ്രവർത്തനം നടത്തി താമസക്കാരെ സുരക്ഷിതമായ സ്ഥലങ്ങളിൽ എത്തിച്ചു.മുക്കം സേക്രഡ് ഹാർട്ട് ചർച്ചിൽ വെള്ളം കയറി.
നഗരസഭയെയും കാരശ്ശേരി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന തൃക്കുടമണ്ണ തൂക്കുപാലം തകർന്നു.
മുക്കംകടവ് പാലം –കുമാരനെല്ലൂർ കാരമൂല, മുക്കം കടവ് പാലം– ആനയാംകുന്ന് റോഡ്, മോയില്ലത്ത് റോഡ്, പുൽപറമ്പ് കൂളിമാട് റോഡ്, ചുള്ളിക്കാപറമ്പ് കവിലട, മണാശ്ശേരി പുൽപറമ്പ് തുടങ്ങിയ റോഡുകളിൽ വെള്ളം കയറി ഗതാഗതം മുടങ്ങി.
അഗസ്ത്യമുഴി- കോഴിക്കോട് റോഡിൽ വൻമരം കടപുഴകി വീണതിനെ തുടർന്ന് ഏറെ നേരം ഗതാഗതം സ്തംഭിച്ചു.
ഫയർഫോഴ്സും, സന്നദ്ധ പ്രവർത്തകരും, നാട്ടുകാരും മുറിച്ച് മാറ്റാൻ നേതൃത്വം നല്കി.
തിരുവമ്പാടിയും വെള്ളത്തിൽ
കനത്ത മഴയെ തുടർന്ന് ടൗണിൽ വെള്ളം കയറി. ബസ് സ്റ്റാൻഡ്, കൂടരഞ്ഞി റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. രാത്രി തന്നെ വ്യാപാരികൾ സംഘടിച്ച് കടകളിൽനിന്നു സാധനങ്ങൾ പലതും മാറ്റിയതിനാൽ നാശനഷ്ടം കുറഞ്ഞു. കൂടരഞ്ഞി റോഡിൽ പൂർണമായി വെള്ളക്കെട്ട് ആയതോടെ രാത്രി തന്നെ ഗതാഗതം നിലച്ചിരുന്നു. പുല്ലൂരാംപാറ റോഡ് കറ്റ്യാട് ജംക്‌ഷനു സമീപം രൂപപ്പെട്ട വെള്ളക്കെട്ട് വില്ലേജ് ഓഫിസ് ജംക്‌ഷൻ വരെ നീണ്ടു. ഈ ഭാഗത്തുള്ള തോട് കരകവിഞ്ഞ് റോഡിലേക്ക് വെള്ളം ഒഴുകുകയായിരുന്നു. ഇതോടെ ഈ ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായി നിലച്ചു. വില്ലേജ് ഓഫിസ് പരിസരത്ത് കുടങ്ങിയവരെ രക്ഷാപ്രവർത്തകർ വള്ളത്തിൽ രക്ഷപ്പെടുത്തി. ഇവിടെ മറ്റു വീട്ടുകാർ സമീപത്തെ വീടിന്റെ രണ്ടാംനിലയിൽ കയറിയാണ് രക്ഷപ്പെട്ടത്.
പുന്നയ്ക്കൽ റോഡിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. താഴെ തിരുവമ്പാടി റോഡിൽ മാളുവമ്മ പാലത്തിനു സമീപം വെള്ളം കയറി ഗതാഗതം മുടങ്ങി. ഓമശ്ശേരി റോഡിൽ ഊർപ്പിൽ ഭാഗത്ത് റോഡിൽ വെള്ളം കയറി ഗതാഗതം നിലച്ചു. ഇതോടെ ഇന്നലെ രാവിലെ മുതൽ തിരുവമ്പാടിക്കുള്ള മുഴുവൻ റോഡുകളിലെയും ഗതാഗതം നിലയ്ക്കുകയായിരുന്നു.
വൈകുന്നേരത്തോടെ ചില റോഡുകളിൽ ഭാഗികമായി ഗതാഗതം പുന:സ്ഥാപിച്ചു. കെഎസ്ആർടിസി ഗാരിജിലും ബസ് സ്റ്റാൻഡിലും വെള്ളം കയറിയതോടെ ബസുകൾ തിരുഹൃദയ പള്ളി അങ്കണത്തിലും മെയിൻ റോഡിലെ ഉയർന്ന ഭാഗങ്ങളിലേക്കും മാറ്റി. വെള്ളപൊക്കത്തിൽ 200 കുടുംബങ്ങൾ ദുരിതം അനുഭവിക്കുന്നതായാണ് പഞ്ചായത്ത് വിലയിരുത്തൽ. പലരും ബന്ധുവീടുകളിലേക്കു മാറിയിട്ടുണ്ട്.