ഡ്രൈവർമാരെ സംബന്ധിച്ചിടത്തോളവും ഏറെ ശ്രദ്ധിക്കേണ്ട കാലമാണ് മഴക്കാലം.നനഞ്ഞു കിടക്കുന്ന റോഡുകൾ വില്ലന്മാരായ ഈ സാഹചര്യത്തിൽ റോഡപകടങ്ങള്‍ക്ക് സാധ്യത ഏറെയാണ് .കനത്ത മഴയില്‍ കാഴ്ച മങ്ങുന്നതും അപരിചിതമായ റോഡുകളിലെ കുഴിയും അപകടത്തിന് വഴി ഒരുക്കുന്നു . അല്‍പ്പം മുന്‍കരുതലെടുത്താല്‍ മഴക്കാലയാത്ര സുരക്ഷിതമാക്കാം.
ഡ്രൈവർമാർ മഴക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ !
* പെട്ടന്ന് ബ്രേക്കിടുന്നത് ഒഴിവാക്കി ബ്രേക്ക് ഉപയോഗം കുറയ്ക്കുന്ന രീതിയില്‍ വേഗത കുറച് വാഹനം ഓടിക്കുക. മഴയെത്തുടര്‍ന്ന് നഗരങ്ങളില്‍ ട്രാഫിക് ബ്ലോക് പതിവാണ്. മരം വീണും വെള്ളക്കെട്ടുണ്ടായുമൊക്കെ യാത്ര തടസപ്പെടാറുണ്ട്. കഴിയുന്നതും നേരത്തെ ഇറങ്ങി സാവധാനം ഡ്രൈവ് ചെയ്തു പോകുക.
* ടയറുകള്‍മഴക്കാലത്ത് വാഹനത്തിന്റെ ഗ്രിപ്പ് കുറയ്ക്കുന്നു. ഇത് അപകടത്തിന് കാരണമാകുന്നു. മഴക്കാലത്ത് റോഡും ടയറും തമ്മിലുള്ള ഘര്‍ഷണം കുറയ്ക്കുന്ന വെള്ളത്തിന്റെ സാന്നിധ്യം മൂലം ബ്രേക്ക് ചവിട്ടുമ്പോള്‍ വാഹനം പാളിപ്പോകാൻ ഇടയാകുന്നു. അതിനാൽ യാത്രക്ക് മുൻപ് ടയറുകളുടെ കാര്യക്ഷമത പരിശോധിച്ച് ഉറപ്പുവരുത്തുക. ടയറിലെ പ്രഷര്‍കൃത്യമായിരിക്കാനും ശ്രദ്ധിക്കുക. വൈപ്പര്‍ ബ്ലേഡുകളുടെ കാര്യക്ഷമത ഉറപ്പാക്കുക. വേനല്‍ക്കാലത്തെ ചൂട് കാരണം റബര്‍ ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍സംഭവിച്ചിരിക്കാം.
* വാഹനം എടുക്കുന്നതിനു മുൻപ് ഹെഡ്‌ലൈറ്റ്, ബ്രേക്ക്‌ലൈറ്റ്, ഇന്‍ഡിക്കേറ്ററുകൾ തുടങ്ങിയവ പരിശോധിച്ച് പ്രവർത്തനക്ഷമത ഉറപ്പാക്കുക. ബ്രേക്കിന്റെ കാര്യക്ഷമത. വിന്‍ഡ്ഷീല്‍ഡ് വൃത്തിയാക്കിവെക്കുക.
* വെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ ഏറെ ശ്രദ്ധിക്കണം. വെള്ളത്തിന് എത്രത്തോളം ആഴമുണ്ടെന്ന് പുറമേ നിന്ന് അറിയാന്‍ കഴിഞ്ഞേക്കില്ല. എന്‍ജിനിലും ബ്രേക്ക് പാഡുകളിലുമൊക്കെ വെള്ളം കയറിയാല്‍ വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കും. വെള്ളക്കെട്ടിലൂടെ വണ്ടിയെടുക്കേണ്ട സാഹചര്യം വരികയാണെങ്കിൽ വേഗത കൂറച്ച് പോയാൽ അപകടങ്ങൾ ഒഴിവാക്കാം.
* പരിചയമില്ലാത്ത റോഡുകളിലൂടെ പോകുമ്പോള്‍ ജാഗ്രത പുലര്‍ത്തുക. മഴക്കാലമാകുന്നതോടെ നമ്മുടെ റോഡുകളില്‍ കുണ്ടും കുഴിയും രൂപപ്പെട്ടിട്ടുണ്ടാകും.
* വെള്ളവും വാഹനങ്ങളില്‍ നിന്നുള്ള ഗ്രീസും ഓയിലും ചേര്‍ന്ന് നനഞ്ഞുകിടക്കുന്ന റോഡുകളില്‍വഴുക്കലുണ്ടായേക്കാം. ഇത് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിന് കാരണമാവുന്നു. വേഗത കുറച്ച് വാഹനമോടിച്ചാല്‍ അപകടം പരമാവധി കുറയ്ക്കാനാകും. അമിത വേഗത്തില്‍പോകുമ്പോള്‍ പെട്ടെന്ന് ബ്രേക്കിടേണ്ടി വന്നാല്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ വേഗത കുറച്ച് വാഹനമോടിക്കുക.
* മുന്നിലേക്കുള്ള കാഴ്ച തടസപ്പെടുത്തുന്ന അതിശക്തമായ മഴയത്ത് കഴിയുന്നതും വാഹനം ഓടിക്കാതിരിക്കുക. വലിയ മരങ്ങളില്ലാത്ത സുരക്ഷിതമായ എവിടെയെങ്കിലും വാഹനം ഒതുക്കിയശേഷം മഴ കുറയുമ്പോള്‍ യാത്ര തുടരാം. മഴയുള്ളപ്പോള്‍ വാഹനത്തിന്റെ ഹെഡ്‌ലൈറ്റുകള്‍ തെളിച്ചാല്‍ എതിരേ വരുന്ന ഡ്രൈവര്‍ക്ക് നിങ്ങളുടെ വാഹനത്തിന്റെ സാന്നിധ്യം അറിയാനാകും.