Site icon CTV Online

സത്യം പറഞ്ഞതിന്റെ പേരില്‍ അധിക്ഷേപിക്കപ്പെട്ടപ്പോഴും എന്റെ അഭയവും വീടുമായി; വയനാട്ടുകാര്‍ക്ക് രാഹുലിന്റെ വികാരനിര്‍ഭരമായ കത്ത്

വയനാട്.പ്രതിസന്ധിഘട്ടങ്ങളില്‍ കരുത്തായി നിന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ഹൃദയനിര്‍ഭരമായ കത്തെഴുതി രാഹുല്‍ഗാന്ധി. ഏറെ ഹൃദയവേദനയോടെയാണ് മണ്ഡലം ഒഴിയാനുള്ള തീരുമാനം എടുത്തതെന്നും തുടര്‍ന്നും കൂടെയുണ്ടാകുമെന്നും രാഹുല്‍ ഗാന്ധി കത്തില്‍ വ്യക്തമാക്കുന്നു. രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് പിന്തുണ അഭ്യര്‍ഥിച്ച് അഞ്ചുവര്‍ഷം മുന്‍പ് നിങ്ങളുടെ മുന്‍പിലേക്ക് വരുമ്പോള്‍ താന്‍ അപരിചിതനായിരുന്നുവെന്നും എന്നിട്ടും തന്നെ വയനാട്ടിലെ ജനങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തണച്ചുവെന്നും രാഹുല്‍ കത്തില്‍ എഴുതി.

അവാച്യമായ സ്‌നേഹത്തോടെയും വാത്സല്യത്തോടെയും നിങ്ങളെന്നെ സ്വീകരിച്ചു. നിങ്ങള്‍ ഏത് രാഷ്ട്രീയ പ്രസ്ഥാനത്തെ പിന്തുണച്ചുവെന്നതോ, ഏത് സമുദായത്തില്‍ നിന്നുള്ളയാളാണെന്നോ, ഏത് മതത്തില്‍ വിശ്വസിച്ചെന്നോ, ഏത് ഭാഷയാണ് സംസാരിച്ചതെന്നോ പ്രശ്‌നമായിരുന്നില്ല. രാജ്യത്തോട് സത്യം വിളിച്ചു പറഞ്ഞതിന്റെ പേരില്‍ ഓരോ ദിവസവും അധിക്ഷേപിക്കപ്പെട്ടപ്പോഴും വേട്ടയാടപ്പെട്ടപ്പോഴും തന്നെ ചേര്‍ത്തു നിര്‍ത്തി സംരക്ഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. തന്റെ അഭയവും വീടും കുടുംബവുമായിരുന്നു വയനാട്ടിലെ ജനങ്ങള്‍. തന്റെ പോരാട്ടത്തിന്റെ ഊര്‍ജ പ്രവാഹമായി വയനാട്ടിലെ ജനത നിലകൊണ്ടു എന്ന് വൈകാരികമായി രാഹുല്‍ എഴുതി. ഒരു നിമിഷം പോലും തളരാതെ മനുഷ്യരോട് സംവദിക്കാനുള്ള, അവന്റെ ആകുലതകള്‍ ഏറ്റെടുക്കാനുള്ള പ്രചോദനം നിങ്ങളായിരുന്നുവെന്നും രാഹുല്‍ ഗാന്ധി കത്തില്‍ പറയുന്നു.

Exit mobile version