
newsdesk
മുക്കം∙ വയനാട് മണ്ഡലത്തിന്റെ ഭാഗമായ മുക്കത്തെ തെയ്യത്തും കടവിൽനിന്ന് കൊടിയത്തൂരിലേക്കുള്ള നാട്ടുവഴിയിലൂടെ ഇന്നലെ റോഡ് ഷോയുമായി രാഹുൽ ഗാന്ധി എത്തിയപ്പോൾ പുതിയ ചരിത്രം പിറക്കുകയായിരുന്നു. രാവിലെ 11ന് ആണ് രാഹുൽഗാന്ധി തെയ്യത്തുംകടവ് പാലത്തിനു സമീപം എത്തിയത്. രാഹുൽ ഗാന്ധിയെ കാത്ത് രാവിലെ എട്ടര മുതൽ ജനങ്ങൾ തടിച്ചുകൂടിയിരുന്നു. അവരെ അഭിവാദ്യം ചെയ്തശേഷം തുറന്ന വാഹനത്തിലേക്ക് കയറി.
റോഡിന്റെ ഇരുവശത്തും വീട്ടുമതിലുകളിലും കെട്ടിടങ്ങൾക്കു മുകളിലുമൊക്കെ ആളുകൾ രാഹുലിനെ കാണാൻ കാത്തുനിൽക്കുകയായിരുന്നു. കുട്ടികളോട് സംസാരിച്ചും കൈകൊടുത്തുമൊക്കെ മുന്നോട്ടുനീങ്ങിയ രാഹുൽഗാന്ധി കൊടിയത്തൂർ അങ്ങാടിയിൽ പതിനൊന്നരയോടെയാണ് എത്തിയത്. കൊടിയത്തൂരിൽ കാത്തുനിന്ന വീട്ടമ്മമാരും കുട്ടികളുമടങ്ങിയ ജനങ്ങളെ അഭിവാദ്യം ചെയ്തും കൈകൊടുത്തുമാണ് റോഡ് ഷോ അവസാനിപ്പിച്ചത്. കുട്ടികൾ വരച്ച ചിത്രങ്ങൾ ഏറ്റുവാങ്ങി. ഓട്ടോഗ്രഫുകൾ ഒപ്പിട്ടുനൽകി. മഹാത്മാഗാന്ധിയുടെ വേഷം അണിഞ്ഞെത്തിയ കുരുന്നിനും കൈകൊടുത്തു. നരേന്ദ്ര മോദിയെ കടന്നാക്രമിച്ചു കൊണ്ടാണ് പ്രസംഗിച്ചത്.
രാജ്യം നേരിടുന്ന പ്രധാനപ്രശ്നം ബിജെപിയും ആർഎസ്എസും ഭരണഘടനയെ നശിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളാണെന്നു രാഹുൽഗാന്ധി പറഞ്ഞു. യഥാർഥ പ്രശ്നങ്ങളിൽനിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുകയെന്നതു മാത്രമാണ് മോദിയുടെ ജോലി. ഒന്നുകിൽ മോദി കടലിനടിയിൽ പൂജ ചെയ്യുന്നു. അല്ലെങ്കിൽ ആകാശത്ത് പറന്നു നടക്കുന്നു. രാജ്യത്തെ വിലവർധനയെക്കുറിച്ചോ കർഷക പ്രശ്നങ്ങളെക്കുറിച്ചോ തൊഴിലില്ലായ്മയെ കുറിച്ചോ ഒരക്ഷരം മിണ്ടാറില്ല. എന്നാൽ അതിസമ്പന്നരുടെ കോടിക്കണക്കിനു രൂപയുടെ കടങ്ങൾ എഴുതിത്തള്ളുകയും ചെയ്യുന്നുവെന്നും രാഹുൽ പറഞ്ഞു. രാജ്യത്തെ അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി അവിടുത്തെ ഓരോ സ്ത്രീയുടെ അക്കൗണ്ടിലും ഒരു വർഷം ഒരു ലക്ഷം രൂപ എത്തിക്കുകയെന്നതാണ് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ടത്.
റൈറ്റ് റ്റു ഇന്റേൺഷിപ്പ്’ നിയമം നടപ്പാക്കുകയാണ് മറ്റൊരു ലക്ഷ്യം. കേന്ദ്രസർക്കാർ മൂലം തൊഴിൽരഹിതരായി മാറിയ യുവാക്കൾക്ക് തൊഴിൽ പരിശീലനം അവകാശമാക്കി മാറ്റുമെന്നും രാഹുൽഗാന്ധി പറഞ്ഞു. രാഹുൽഗാന്ധിയുടെ പ്രസംഗം ജ്യോതി വിജയകുമാർ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. റോഡ്ഷോയിൽ തെലങ്കാന ഗ്രാമവികസന മന്ത്രി ദൻസാരി അനസൂയ സീതാക്ക, എം.എം.ഹസൻ, ടി.സിദ്ദിഖ് എംഎൽഎ, ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ, തിരഞ്ഞെടുപ്പു കമ്മിറ്റി വർക്കിങ് ചെയർമാൻ സി.പി.ചെറിയ മുഹമ്മദ്, ജനറൽ കൺവീനർ എ.പി.അനിൽകുമാർ തുടങ്ങിയവരും ഉണ്ടായിരുന്നു.
