newsdesk
കൽപറ്റ ∙ വയനാട് മണ്ഡലത്തിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് താൻ പ്രതിജ്ഞാബദ്ധനാണെന്ന പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി വയനാട്ടിൽ. വയനാട് നേരിടുന്ന ചെറുതും വലുതുമായ പ്രശ്നങ്ങൾ പാർലമെന്റിന് അകത്തും പുറത്തും ഉന്നയിക്കാൻ താൻ ഇവിടുത്തെ ജനങ്ങൾക്കൊപ്പമുണ്ടാകുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. അഞ്ച് വർഷം മുൻപ് പുതിയൊരാളായി വയനാട്ടിലെത്തിയ തന്നെ വളരെപ്പെട്ടെന്നുതന്നെ കുടുംബാംഗമായി മാറ്റിയ വയനാട്ടിലെ ജനതയ്ക്ക് രാഹുൽ നന്ദി അറിയിച്ചു.
വയനാട്ടിൽ വീണ്ടും മത്സരിക്കുന്ന രാഹുൽ, നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയപ്പോഴാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. വൻ ജനാവലിയുടെ അകമ്പടിയോടെ നേതാക്കൾക്കൊപ്പം റോഡ് ഷോയുമായി എത്തിയാണ് രാഹുൽ നാമനിർദേശ പത്രിക സമർപ്പിച്ചത്. ജില്ലാ കലക്ടർ കൂടിയായ വരണാധികാരി ഡോ. രേണു രാജിനു മുൻപാകെയാണ് രാഹുൽ പത്രിക സമർപ്പിച്ചത്.