Site icon CTV Online

വർഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ റഹീം നാട്ടിലെത്തുന്നതിന്റെ സന്തോഷത്തിൽ കുടുംബം; സൗദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്‍റെ ശിക്ഷാ കാലാവധി നാളെ പൂര്‍ത്തിയാകും

കോഴിക്കോട്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ ശിക്ഷാ കാലാവധി നാളെ പൂർത്തിയാകും. കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശിയാണ് അബ്ദുള്‍ റഹീം. സൗദിയിലെ പെരുന്നാള്‍ അവധികൂടി കഴിഞ്ഞായിരിക്കും അബ്ദുള്‍റഹീം നാട്ടിലെത്തുകയെന്ന് അബ്ദുള്‍ റഹീം നിയമ സഹായ സമിതി അറിയിച്ചു. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ റഹീം എത്തുന്നതിന്റെ സന്തോഷത്തിലാണ് കുടുംബം.

ഡ്രൈവർ ജോലിക്കായി സൗദിയില് എത്തിയ റഹീം സ്പോണ്സറുടെ ഭിന്നശേഷിക്കാരനായ മകൻ മരിക്കാനിടയായ സംഭവത്തിലാണ് ശിക്ഷ വിധിച്ചത്. മനഃപൂര്വമല്ലാത്ത കൈപ്പിഴയായിരുന്നു അപകടകാരണമെന്ന് വ്യക്തമായെങ്കിലും വധശിക്ഷയാണ് റഹീമിനെ തേടിയെത്തിയത്. റഹീമിന്റെ ഇരുപത് വർഷത്തെ ശിക്ഷാ കാലാവധി മെയ് 19ന് പൂർത്തിയാകും

2006 നവംബറിലാണ് സൗദി ബാലന്‍ അനസ് അല്‍ ഫായിസിന്റെ കൊലപാതകക്കേസില്‍ അബ്ദുല്‍ റഹീം അറസ്റ്റിലാകുന്നത്. 2012 ലാണ് വധശിക്ഷ വിധിച്ചത്. പിന്നീട് ഒന്നര കോടി സൗദി റിയാല്‍ (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദിയാധനം നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ കോടതി അബ്ദുല്‍ റഹീമിന്റെ വധശിക്ഷ ഒഴിവാക്കിയിരുന്നു. ദയാധനം നല്‍കി വധശിക്ഷ ഒഴിവാക്കിയെങ്കിലും മറ്റ് വകുപ്പുകളില്‍ 20 വർഷം തടവുശിക്ഷയായിരുന്നു വിധി. ശിക്ഷാ കാലാവധി 19 ന് അവസാനിക്കും.

റഹീമിന്റെ മോചനത്തിനായി പിരിഞ്ഞുകിട്ടിയതിൽ പതിനൊന്നരക്കോടി രൂപയോളം ബാക്കിയുണ്ട്. റഹീം നാട്ടിലെത്തിയ ശേഷം കമ്മിറ്റി ചേർന്ന് ഫണ്ട് എന്ത് ചെയ്യണമെന്ന കാര്യം തീരുമാനിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

വധശിക്ഷയിൽനിന്ന് നേരത്തേ ഒഴിവാക്കപ്പെട്ട റഹീമിന് കോടതി വിധിച്ച തടവുശിക്ഷ മേയ് 19ന് അവസാനിക്കുന്നതോടെ, രണ്ടുപതിറ്റാണ്ടിലേറെ നീണ്ട അനിശ്ചിതത്വങ്ങൾക്കാണ് തിരശ്ശീലവീഴുന്നത്.

Exit mobile version