
NEWSDESK
കോഴിക്കോട്: ജില്ലയിലെ ആദ്യ കമ്മ്യൂണിറ്റി റേഡിയോ ആയി കെയർ എഫ്. എം 89.6 സെപ്റ്റംബറിൽ ട്രയൽ പ്രക്ഷേപണം തുടങ്ങും. കേന്ദ്ര സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് കീഴിലെ കമ്മ്യൂണിറ്റി റേഡിയോ സ്‌കീം പ്രകാരമാണ് കെയർ എഫ്.എം 89.6 സ്ഥാപിതമാകുന്നത്. പുനൂർ കേന്ദ്രമായി ജീവകാരുണ്യരംഗത്ത് പ്രവർത്തിക്കുന്ന ഹെൽത്ത് കെയർ ഫൗണ്ടേഷനാണ് കെയർ എഫ്.എമ്മിന്റെ സ്ഥാപകർ. ഭിന്നശേഷി മേഖലയിലെ പരിപാടികൾക്ക് പ്രാമുഖ്യം നൽകി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ എഫ്.എം ആയിരിക്കും കെയർ എഫ്.എം എന്ന് ഹെൽത്ത് കെയർ ഫൗണ്ടേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ല്യൂ വേവ്സ് എന്ന പേരിൽ ഭിന്നശേഷി മേഖലയുമായി ബന്ധപ്പെട്ട പരിപാടികളും ആർട് വേവ്സ് എന്ന പേരിൽ വിനോദ പരിപാടികളും ഇൻഫോ വേവ്സ് എന്ന പേരിൽ വിജ്ഞാന പരിപാടികളുമായിരിക്കും കെയർ എഫ്. എമ്മിന്റെ പ്രധാന പരിപാടികൾ. കെയർ എഫ്. എമ്മിന്റെ ലോഗോ പ്രകാശനം സംഗീത സംവിധായകൻ എം. ജയചന്ദ്രൻ നിർവഹിച്ചിരുന്നു. പുതുവത്സര ദിനത്തിലായിരിക്കും എഫ്.എം റിസീവർ വഴിയും മൊബൈൽ ആപ്പ് വഴിയും ശ്രോതാക്കൾക്ക് ലഭ്യമായി തുടങ്ങുകയെന്നും കെയർ എഫ്.എം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
