പേവിഷ ബാധ നിയന്ത്രണം: ജില്ലയില്‍ സെപ്റ്റംബര്‍ 20 മുതല്‍ വാക്‌സിനേഷന്‍ ഡ്രൈവ്

Web Desk

പേവിഷ ബാധ നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലയില്‍ സെപ്റ്റംബര്‍ 20 മുതല്‍ വാക്‌സിനേഷന്‍ ഡ്രൈവ് നടക്കും. ഒന്നാം ഘട്ടത്തില്‍ കമ്മ്യൂണിറ്റി നായകള്‍ക്കും തെരുവ് നായകള്‍ക്കുമാണ് വാക്‌സിനേഷന്‍ നല്‍കുക. തെരുവ് നായ ശല്യം, പേവിഷ ബാധ നിയന്ത്രണം സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയുടേയും ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡിയുടേയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വിവിധ വകുപ്പുകള്‍, തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍, കുടുംബശ്രീ മിഷന്‍, മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകള്‍ എന്നിവയുടെ ഏകോപനത്തോടെയാണ് വാക്‌സിനേഷന്‍ ഡ്രൈവ് നടത്തുക.തെരുവ് നായകളുടെ വാക്‌സിനേഷന്‍ നടത്തുന്നതിന് ആവശ്യമായ ഓരോ വാഹനത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനം തെരഞ്ഞെടുത്ത് മൃഗസംരക്ഷണ വകുപ്പ് പരിശീലനം ലഭ്യമാക്കിയ രണ്ട് നായ പിടുത്തക്കാര്‍, ഒരു വാക്‌സിനേറ്റര്‍, സന്നദ്ധ സംഘടനാ പ്രതിനിധിയായ ഒരു ഡോക്യുമന്ററ് എന്നിവരെ ഉള്‍പ്പെടുത്തും. ഇവര്‍ക്ക് മുന്‍കൂട്ടി വാക്‌സിനേഷന്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കാനും തീരുമാനമായി. നായയുടെ ഭീഷണി നേരിടുന്ന പ്രദേശങ്ങളെ തിരിച്ചറിയല്‍, നായപിടുത്തക്കാരെ കണ്ടെത്തല്‍, പരിശീലനം നല്‍കല്‍, മൃഗസ്‌നേഹികളുടെ യോഗങ്ങള്‍, കമ്മ്യൂണിറ്റി നായകളുടെ വാക്‌സിനേഷന്‍, തെരുവ് നായകളുടെ വാക്‌സിനേഷന്‍ എന്നിവയെല്ലാം സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കും. ഇതിനായി തദ്ദേശ സ്വയംഭരണ മേധാവികളുടെ യോഗം വിളിച്ചു ചേര്‍ക്കും.വാക്‌സിനേഷന് ആവശ്യമായ മരുന്നുകള്‍ അടിയന്തരമായി ലഭ്യമാക്കാനും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന എ.ബി.സി സെന്റര്‍ ഒക്ടോബര്‍ 30 നകം പ്രവര്‍ത്തനക്ഷമമാക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. ഇതിന് അനുയോജ്യമായ ഉദ്യോഗസ്ഥരെ അഭിമുഖം നടത്തി തെരഞ്ഞെടുത്ത് പരിശീലനം നല്‍കി നിയമിക്കും. ലഭ്യമാകുന്ന സൗകര്യങ്ങള്‍ ഉപയോഗിച്ച് ദിവസേന 20 തെരുവ് നായകളെ കേന്ദ്രത്തില്‍ എത്തിച്ചു വന്ധ്യംകരിച്ചു ആവാസകേന്ദ്രങ്ങളിലേക്ക് തിരിച്ച് എത്തിക്കും. നായകള്‍ കടിക്കാതിരിക്കാന്‍ ചെയ്യേണ്ടതും, നായകള്‍ കടിച്ചാല്‍ ചെയ്യേണ്ടതുമായ മുന്‍കരുതലുകള്‍ സംബന്ധിച്ച് വലിയ തോതിലുള്ള ബോധവത്ക്കരണ പ്രചരണ പരിപാടികള്‍, സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ എന്നിവ ജില്ലാതലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കും.യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി അഹമ്മദ് കബീര്‍, ജില്ലാ അനിമല്‍ ഹസ്ബന്ററി ഓഫീസര്‍ ഡോ. എ. ഗോപകുമാര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!