
Web Desk
ഒരാഴ്ചയിൽ താഴെയുള്ള സന്ദർശനത്തിനായി സംസ്ഥാനത്തേക്കു വരുന്ന രാജ്യാന്തര യാത്രക്കാർക്കു ക്വാറന്റീൻ ആവശ്യമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സ്വന്തം വീട്ടിലോ ഹോട്ടലിലോ താമസിക്കാം. 7 ദിവസത്തിനകം തിരികെ മടങ്ങണം. കോവിഡ് പോസിറ്റീവ് ആണെന്നു കണ്ടെത്തിയാൽ ആരോഗ്യ സ്ഥാപനങ്ങളെ അറിയിച്ചു ചികിത്സ തേടുകയും വേണം. ആശുപത്രികൾക്കുള്ള പുതുക്കിയ മാർഗനിർദേശങ്ങളും പുറത്തിറക്കി.
കോവിഡ് രോഗലക്ഷണവുമായി വരുന്നവരെ ചികിത്സിക്കാൻ എല്ലാ ആശുപത്രികളിലും പ്രത്യേക ഇടം സജ്ജീകരിക്കണം, ഒപിയിലും അത്യാഹിത വിഭാഗത്തിലും ഓരോ പ്രവേശന മാർഗം മാത്രമേ പാടുള്ളൂ,
വിവിധ സ്‌പെഷ്യൽറ്റികളിൽ പ്രവേശിപ്പിച്ചിരിക്കുന്ന രോഗികൾക്കു കോവിഡ് സ്ഥിരീകരിച്ചാൽ ചികിത്സിക്കാൻ ആ സ്‌പെഷ്യൽറ്റിക്കു കീഴിൽത്തന്നെ പ്രത്യേക വാർഡുകൾ സജ്ജീകരിക്കണം, ഓരോ വിഭാഗവും, അവരുടെ രോഗികൾക്കു കോവിഡ് ബാധിച്ചാൽ പരിചരിക്കാൻ പ്രത്യേകം കിടക്കകൾ നീക്കിവയ്‌ക്കണം. അടിയന്തര ചികിത്സ ആവശ്യമെങ്കിൽ മാത്രം കോവിഡ് ഐസിയുവിൽ മാറ്റണം.
ഒപിയിലോ അത്യാഹിത വിഭാഗത്തിലോ കിടത്തിച്ചികിത്സയ്‌ക്കോ വരുന്ന രോഗികൾക്കു കോവിഡ് ലക്ഷണമുണ്ടെങ്കിൽ മാത്രം പരിശോധന നടത്തിയാൽ മതി. തുടർ ചികിത്സയ്ക്കു കോവിഡ് പരിശോധന അനിവാര്യമാണെന്നു ചികിത്സിക്കുന്ന ഡോക്ടർ നിർദേശിച്ചാലും പരിശോധന നടത്തണം, സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലുള്ള ഡയാലിസിസ് രോഗികൾക്ക് കോവിഡ് ബാധിച്ചാൽ ഡയാലിസിസ് മുടക്കരുത്.
