Site icon CTV Online

ഡി സി സി ഇടപെട്ടു ; പി വി അന്‍വറിന്‍റെ പാര്‍ക്ക് കാരശ്ശേരി ബാങ്ക് ഏറ്റെടുക്കില്ല

newsdesk

മുക്കം : പി വി അന്‍വര്‍ എം എല്‍ എ യുടെ ഉടമസ്ഥതയിലുള്ള കക്കാടം പൊയിലിലെ പി വി ആര്‍ പാര്‍ക്ക് വാങ്ങാനുള്ള തീരുമാനത്തില്‍ നിന്നും കാരശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്ക് പിന്മാറി.
യു .ഡി എഫ്ഭരിക്കുന്ന ബാങ്ക് വിവാദമായ പാര്‍ക്ക് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ നേതൃത്വം ഇടപെട്ടതെന്നാണ് വിവരം.പാര്‍ക്ക് ഏറ്റെടുക്കുന്നതിനായി ഒന്നര വര്‍ഷം മുമ്പ് തന്നെ സാങ്കേതിക,സാധ്യതാ പഠനവും രേഖകളുടെ പരിശോധനയും പൂര്‍ത്തീകരിച്ച് സഹകരണ വകുപ്പിന് അപേക്ഷ നല്‍കിയിരുന്നതാതായി ബാങ്ക് ചെയര്‍മാനും കെ പി സി സി എക്സിക്യൂട്ടീവ് മെമ്പറുമായ എന്‍ കെ അബ്ദുറഹിമാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.എന്നാല്‍ സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനാല്‍ നടപടികള്‍
പൂര്‍ത്തീകരിക്കാനായിരുന്നില്ല.യു ഡി എഫ് ഭരിക്കുന്ന ബാങ്ക് ഭരണസമിതി ഐക്യകണ്ഡേനയാണ് തീരുമാനം എടുത്തിരുനത്. സാങ്കേതിക വശങ്ങള്‍ പഠിക്കാന്‍ ഭരണസമിതി സബ് കമ്മറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.ഇതിന്‍റെ അടിസ്ഥാനത്തില്‍ ബാങ്കിന് പാര്‍ക്ക് ഏറ്റെടുക്കുന്നത് ഗുണകരമാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഭരണസമിതി തീരുമാനമെടുത്തതെന്നും ചെയര്‍മാന്‍ പറഞ്ഞിരുന്നു.തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച്ച ദുരന്ത നിവാരണ വകുപ്പിന്‍റെ അനുമതിയെ തുടര്‍ന്ന് പാര്‍ക്ക് ഭാഗികമായിതുറന്ന്പ്രവര്‍ത്തിച്ചതോടെയാണ്
ബാങ്ക് ഏറ്റെടുക്കാന്‍ ശ്രമം നടത്തിയതായി വാര്‍ത്തകള്‍ പുറത്ത് വന്നത്. ഇത് കോണ്‍ഗ്രസ് അണികള്‍ക്കിടയിലും ചര്‍ച്ചയായിരുന്നു.ഇതോടെയാണ് ഡി സി സി നേതൃത്വം ബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്തി തീരുമാനമെടുത്തത്.പാര്‍ക്ക് ഏറ്റെടുക്കാനുള്ള ശ്രമം ഉപേക്ഷിച്ചതായും സമാന പദ്ധതിക്കായി കാരശ്ശേരി പഞ്ചായത്തിലെ ചുണ്ടത്തുംപൊയിലില്‍ 32 ഏക്കര്‍ ഭൂമി വാങ്ങിയതായും ചെയര്‍മാന്‍ എന്‍ കെ അബ്ദുറഹിമാന്‍ പറഞ്ഞു.
അതേസമയം പാര്‍ക്ക് വില്‍പ്പന നടത്താന്‍ പി വി അന്‍വര്‍ എം എല്‍ എ ശ്രമം തുടരുന്നതായാണ് സൂചന.നേരത്തെ 15 കോടിയോളം രൂപക്ക്  വില്‍പ്പന നടത്താനായിരുന്നു കാരശ്ശേരി ബാങ്കുമായുള്ള ധാരണ.

Exit mobile version