
newsdesk
തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ പ്രതീകമായിട്ടായിരിക്കും ചാണ്ടി ഉമ്മനെ ജനങ്ങൾ കാണുക എന്ന വിലയിരുത്തൽ ആദ്യം മുതലേ ഉണ്ടായിരുന്നു .ഏറെക്കുറെ വസ്തുതാപരമായ കാര്യവുമായിരുന്നു അത് കാരണം ഉമ്മൻചാണ്ടി എന്ന മനുഷ്യനെ എങ്ങനെയാണ് ജനങ്ങൾ നെഞ്ചിലേറ്റിയത് എന്ന് ആ മനുഷ്യന്റെ വിലാപയാത്രയിൽ കേരളക്കരയാകെ കണ്ടതാണ് ,ആ സ്നേഹം സ്വന്തം മകനല്ലാതെ മറ്റാർക്ക് നൽകും മലയാളികൾ.
പക്ഷെ കാര്യങ്ങൾ തിരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോൾ അത്ര സ്മൂത്തായി പോയില്ല .ആരോപണ പ്രത്യാരോപണങ്ങളുടെ ഒരു യുദ്ധഭൂമി ആയി മാറുകയായിരുന്നു കേരള രാഷ്ട്രീയം ,മരണപ്പെട്ട ഉമ്മൻചാണ്ടിയും വികസനവും എന്തിനു പറയുന്നു മകൾ അച്ചു ഉമ്മന്റെ വസ്ത്രവും ചെരിപ്പും വരെ ചർച്ചയായി.ഇതിനൊക്കെ പകരത്തിനെന്നോണം എതിർസ്ഥാനാർഥി ജെയ്ക്കിന്റെ സ്വത്ത് വകകളും ഭാര്യയും എല്ലാം സോഷ്യൽ മീഡിയയിൽ നിറഞ്ഞു .ഒടുവിൽ യുദ്ധം അവസാനിച്ചു ,ഫലം വന്നപ്പോൾ ചാണ്ടി ഉമ്മന് ചരിത്ര വിജയം. ഉമ്മൻചാണ്ടിയെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വിറപ്പിച്ച ജെയ്ക്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കിയാണ് ചാണ്ടി ഉമ്മന്‍ വിജയകൊടിപാറിച്ചത്
.37719 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയുടെനായകനായത്.
2011 തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ സുജ സൂസന്‍ ജോര്‍ജിനെതിരെ 33255 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചതാണ് മത്സരിച്ച 12 തെരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഉയര്‍ന്ന ഭൂരിപക്ഷം. അതിനേക്കാൾ ഉയർന്ന ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മൻ സ്വന്തമാക്കിയത്.അങ്ങനെ അച്ഛന്റെ റെക്കോർഡ് തിരുത്തി മകൻ ആ കിരീടം ചൂടി .
കഴിഞ്ഞ വട്ടം ജെയ്ക്ക് മുന്നിലെത്തിയ ബൂത്തുകളില്‍ പോലും ഇത്തവണ ചാണ്ടി ഉമ്മനാണ് മുന്നിലെത്തിയിരിക്കുന്നത്. അയര്‍ക്കുന്നത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മൻചാണ്ടിക്ക് 1293 വോട്ടിന്‍റെ ലീഡാണ് ഉണ്ടായിരുന്നത്. അത് മറികടന്ന് ലീഡ് ഉയര്‍ത്താൻ ചാണ്ടി ഉമ്മന് സാധിച്ചു. അയർക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണിയത്. ഇതില്‍ എല്ലാ ബൂത്തുകളിലും ലീഡ് നേടാൻ ചാണ്ടിക്ക് സാധിച്ചു. ജെയ്ക് സി തോമസ് താമസിക്കുന്ന മണര്‍ക്കാടും ചാണ്ടി ഉമ്മനാണ് മുന്നേറിയത് എന്നാണ് വിവരം. ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞ തവണ ഏറ്റവും കൂടുതൽ തിരിച്ചടി ഉണ്ടായ പഞ്ചായത്തുകളിൽ ഒന്നായിരുന്നു മണർകാട്. ഇവിടെ 1213 വോട്ടിനായിരുന്നു കഴിഞ്ഞ തവണ ജെയ്ക് ലീഡ് ചെയ്തത്. ഇത്തവണ പക്ഷേ മണര്‍കാടും ജെയ്ക്കിനെ തുണച്ചില്ല. അതേസമയം, ബിജെപി സ്ഥാനാര്‍ത്ഥി ലിജിൻ ലാല്‍ ചിത്രത്തിൽ പോലുമില്ല.
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് അച്ഛൻ ഉമ്മൻ ചാണ്ടിയേക്കാൾ ഭൂരിപക്ഷം ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു കോൺഗ്രസ് ക്യാമ്പും കുടുംബവും. പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചതിൽ അവരും ഡബിൾ ഹാപ്പി.
1957 ൽ രൂപീകൃതമായ പുതുപ്പള്ളിയിൽ ആദ്യമായി എംഎൽഎയാകുന്നത് കോൺഗ്രസിന്റെ പി.സി ചെറിയാനാണ്. പിന്നീട് 1967 ൽ സിപിഐഎമ്മിന്റെ ഇ.എം ജോർജ് പുതുപ്പള്ളിയെ ചെങ്കടൽ ആക്കി . എന്നാൽ 1970 ൽ സിപിഐഎമ്മിനെ വെട്ടി ഉമ്മൻ ചാണ്ടി പുതുപ്പള്ളിയെ കോൺഗ്രസിന്റെ കോട്ടയാക്കി. അന്ന് മുതൽ തുടർച്ചയായി 53 വർഷമാണ് ഉമ്മൻ ചാണ്ടി പുതുപ്പള്ളിയുടെ ജനനായകനായി പ്രവർത്തിച്ചത്. ഇനി തങ്ങൾക്ക് മകനിലൂടെ ഉമ്മൻ ചാണ്ടിയെന്ന തങ്ങളുടെ വിശുദ്ധന്റെ സ്നേഹവും സേവനങ്ങളും ലഭിക്കാനായി ആ വീട്ടുമുറ്റത്തേക്ക് ഓടിച്ചെല്ലാം എന്ന പ്രതീക്ഷയിലാണ് പുതുപ്പള്ളിക്കാർ .
