
NEWSDESK
ജലന്ധർ: ഔദ്യോഗിക വസതിയായ രാജ് ഭവനിൽ തക്കാളിയുടെ ഉപയോഗം താൽക്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവിട്ട് പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത്. തക്കാളി വില അടിക്കടി വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സാധാരണക്കാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഗവർണർ തീരുമാനം അറിയിച്ചത്.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി പഞ്ചാബിലെയും ചണ്ഡീഗഡിലെയും ജനങ്ങൾ തക്കാളി വില വർദ്ധനവ് കാരണം പ്രതിസന്ധി നേരിടുകയാണ്. പല വീടുകളിലും തക്കാളി ഒഴിവാക്കാനാവാത്ത ഒന്നാണ്. വിതരണ ശൃംഖലയിലെ തടസങ്ങൾ കാലാവസ്ഥാ സാഹചര്യങ്ങൾ എന്നിവയാണ് വിലക്കയറ്റത്തിന് കാരണമായത്. ഈ സാഹചര്യത്തിൽ, സാധാരണക്കാരന് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളിൽ ഉത്‌കണ്ഠയും സഹാനുഭൂതിയും പ്രകടിപ്പിക്കുന്നു.
സാധാരണക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് രാജ്‌ഭവനിൽ തക്കാളിയുടെ ഉപയോഗം താൽക്കാലികമായി നിർത്തിവയ്ക്കുന്നു. ഒരു സാധനത്തിന്റെ ഉപയോഗം നിർത്തുകയോ കുറയ്ക്കുകയോ ചെയ്യുന്നത് അതിന്റെ വിലയിൽ സ്വാധീനം ചെലുത്തും. ഡിമാൻഡ് കുറയുമ്പോൾ വിലയും കുറയും. അതിനാൽ ജനങ്ങൾ തക്കാളിക്ക് പകരം മറ്റ് മാർഗങ്ങൾ തേടണം. ഇത് വില കുറയാൻ സഹായിക്കും.’- ഗവർണർ പ്രസ്താവനയിൽ പറയുന്നു.നിലവിൽ കിലോയ്ക്ക് 200 രൂപ നിരക്കിലാണ് പഞ്ചാബിൽ തക്കാളി വിൽക്കുന്നത്. വരും ദിവസങ്ങളിൽ ഇത് 300 കടക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.
