NEWSDESK
ഫിലോസാൻ എന്നും പേരുള്ള ഈ പഴവർഗക്കാരന്റെ സ്വദേശം മലേഷ്യയാണ്. വിദേശമലയാളികൾ വഴിയാണ് ഇവ കേരളത്തിലെത്തിയത് എന്ന് കരുതപ്പെടുന്നു. വിളഞ്ഞ പഴം മരത്തില്‍ നിന്ന് ചുറ്റിത്തിരിച്ചു വേണം പൊട്ടിക്കാൻ. അതിനാൽ തിരിക്കുക എന്ന മലയന്‍ പദത്തിൽ നിന്നാണ് പുലാസൻ എന്ന പേരിന്റെ ഉത്ഭവം.
മൃദുവായ മുള്ളുകൾ നിറഞ്ഞതാണ് പുലാസൻ കായ്കൾ. ഇടത്തരം ഉയരത്തിൽ ശാഖോപശാഖകളായി കാണപ്പെടുന്ന ഒരു നിത്യ ഹരിത സസ്യമാണിത്. ഇലകൾ ചെറുതും പച്ച നിറമാർന്നതുമാണ്. തളിരിലകൾക്ക് മഞ്ഞ മലർന്ന പച്ച നിറമണ്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പൂക്കുന്ന ഇതിൽ ധാരാളം പൂങ്കുലകൾ ഉണ്ടാകാറുണ്ട്.
നേരിയതും അഗ്രം പരന്നതുമായ മുള്ളുകൾ ഉള്ള കായ്കൾ തുടക്കത്തിൽ പച്ച നിറത്തിലും വിളഞ്ഞ് പാകമാകുമ്പോൾ മഞ്ഞ നിറത്തിലും പഴുക്കുമ്പോൾ ചുവപ്പു നിറത്തിലേക്ക് മാറുകയും ചെയ്യും. 10 മുതൽ 15 മീറ്റര്‍ വരെ ഉയരംവെക്കുന്ന പുലാസാന്റെ ഭക്ഷ്യയോഗ്യമായ ഉൾക്കാമ്പ് മധുരവും നീരും നിറഞ്ഞതാണ്. ഉള്ളിൽ ചെറിയ ബദാം പരിപ്പിന്റെ ആകൃതിയിലുള്ള വിത്ത് കാണപ്പെടുന്നു.
തേനിനെ വെല്ലുന്ന മധുരമാണ് പുലാസാന്‍റെ പ്രത്യേകത എന്ന് പറഞ്ഞല്ലോ. ഉള്‍ക്കാമ്പ് അനായാസമായി വിത്തില്‍നിന്ന് വേര്‍പെടുത്തിയെടുക്കാം. മാംസളഭാഗം നേരിട്ടും ഐസ്ക്രീമുകളിലും പുഡിംഗുകളിലും രുചി വര്‍ധകമായും ഉപയോഗിക്കാം. ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കുവാന്‍ സിദ്ധിയുള്ളതിനാല്‍ ഇത് ദുര്‍മേദസ്സ് ഉള്ളവര്‍ക്ക് നല്ലതാണ്. ചര്‍മ്മത്തെ മൃദുലമാക്കുകയും മുടികൊഴിച്ചില്‍ തടയുകയും ചെയ്യുന്നു. പ്രമേഹരോഗികള്‍ക്കും പുലാസാന്‍ നല്ലതാണെന്ന് പറയപ്പെടുന്നു.
വളരെ കുറച്ച് സ്ഥലം മാത്രം ആവശ്യമുള്ള പുലാസൻ നട്ടുവളർത്താൻ ബഡ് ചെയ്ത തൈകൾ നടുന്നതാണ് ഉത്തമം.
കാണാൻ സുന്ദരനായ പുലാസൻ മരം അലങ്കാര വൃക്ഷമായും ഉപയോഗിക്കാം എന്നതിനാൽ തൊടികളിലും വീട്ടുവളപ്പിലും വളർത്താവുന്നതാണ്. അധികം ചൂട് താങ്ങാൻ കഴിയാത്തതാണ് പുലാസാൻ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നതിനുള്ള പ്രധാന വെല്ലുവിളി. പോഷക സമൃദ്ധമായ പുലാസാൻ ജീവകങ്ങളും ധാതുക്കളും മറ്റ് സസ്യജന്യ സംയുക്തങ്ങളും ഉയര്‍ന്ന തോതില്‍ അടങ്ങിയിരിക്കുന്നു.
പത്തു വര്‍ഷത്തിലേറെ പ്രായമുള്ള ഒരു മരത്തില്‍ നിന്ന് ഒരു സീസണില്‍ 50 കിലോ പുലാസന്‍ കിട്ടുമെന്നാണ് എകദേശ കണക്ക്. വിപണിയില്‍ ഒരു കിലോ പുലാസന്‍ പഴത്തിന് 200 രൂപയിൽ കൂടുതൽ വില ലഭിക്കാറുണ്ട്. കേരളത്തിലെ വിപണികളിൽ പുലാസൻ ഫലത്തിന് ആവശ്യക്കാർ വർധിച്ചതോടെ കൂടുതൽ കർഷകർ പുലാസാൻ കൃഷിയിലേക്ക് തിരിഞ്ഞു കഴിഞ്ഞു.