newsdesk
മുക്കം: പൊള്ളുന്ന വെയിലിനും കടുത്ത ചൂടിനുമൊന്നും ജനങ്ങളുടെ ആവേശത്തെ തെല്ലും കെടുത്താനായില്ല. കഠിനമായ ഉഷ്ണത്തെ വകവയ്ക്കാതെ ആയിരങ്ങളാണ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും സ്വീകരിക്കാൻ മുക്കത്തേക്ക് ഒഴുകിയെത്തിയത്. എം.പിയായതിന് ശേഷം ആദ്യമായി വയനാട് മണ്ഡലത്തിലെത്തിയ പ്രിയങ്ക ഗാന്ധിക്ക് സ്നേഹവും ആവേശവും നിറഞ്ഞ ഉജ്ജ്വല സ്വീകരണമാണ് പ്രവർത്തകർ നൽകിയത്. രാവിലെ മുതൽ തന്നെ മലയോര മേഖലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സ്ത്രീകളും കുട്ടികളും യുവതികളും യുവാക്കളും പ്രായമായവരും ഉൾപ്പെടെ വൻ ജനാവലിയായിരുന്നു മുക്കത്തേക്ക് ഒഴുകിയെത്തിയത്. ഒരു നോക്ക് കാണുവാനായി ചേർന്നണഞ്ഞ ആയിരങ്ങൾക്കിടയിലേക്ക് ഉച്ചയ്ക്ക് 1.15ഓടെ രാഹുലും പ്രിയങ്കയും കടന്നുവന്നപ്പോൾ ജനങ്ങളുടെ ആവേശം അണപൊട്ടി. കത്തുന്ന വേനൽ ചൂടിനെ അവഗണിച്ച് റോഡിലും റോഡരികിലും കെട്ടിടങ്ങൾക്ക് മുകളിലുമായി കാത്തിരുന്ന ആയിരങ്ങളെ ഇരുവരും അഭിവാദ്യം ചെയ്തു. നാടൻ കലാരൂപങ്ങളും വാദ്യമേളങ്ങളും വിജയാരവം പരിപാടിയുടെ ആവേശം കൊടുമുടിയിലെത്തിച്ചു. ചരിത്രപരമായ ഭൂരിപക്ഷം നൽകി വയനാടിന്റെ ശബ്ദമാകാൻ പാർലമെൻ്റിലെത്തിച്ച ജനതയോട് നന്ദി പറഞ്ഞു കൊണ്ടാണ് ഇരുവരും പ്രസംഗം തുടങ്ങിയത്.
മുണ്ടക്കൈ, ചൂരൽമല ദുരന്ത ബാധിതർക്ക് ആദരാജ്ഞലികൾ അർപ്പിച്ചാണ് രാഹുൽ ഗാന്ധി പ്രസംഗം തുടങ്ങിയത്. ദുരന്തത്തിൽ കുടുംബാംഗങ്ങളും സ്വത്തുക്കളും മറ്റും നഷ്ടപ്പെട്ടവർക്ക് രാഹുൽ ഗാന്ധി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വയനാട് ദുരന്തത്തിലെ ഇരകളെ സഹായിക്കാൻ വേണ്ടി യു.ഡി.എഫ് പ്രവർത്തകർ സംസ്ഥാന സർക്കാരിൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ ജനങ്ങൾ എങ്ങനെയാണ് വയനാട് ദുരന്തബാധിതരെ സഹായിച്ചതെന്ന് നമുക്കറിയാം. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ‘കഫെ ജൂലൈ 30’. ജൂലൈ 30ന് നടന്ന ദുരന്തത്തിൽ 11 പേരെ നഷ്ടമായ നൗഫൽ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഭാര്യയുടെ ഓർമയ്ക്കായി ‘ജൂലൈ 30’ എന്ന പേരിൽ ഒരു കഫെ ആരംഭിച്ചു. അടുത്ത തവണ താൻ വരുമ്പോൾ ആ കഫേയിൽ പോയി അവർക്ക് പിന്തുണ കൊടുക്കും. അതുവഴി പോകുമ്പോൾ നിങ്ങൾ എല്ലാവരും അവിടെ കയറണം. നിങ്ങൾ അവിടെ പോയി ഒരു കാപ്പി കുടിക്കണം. അതവർക്ക് ആത്മവിശ്വാസവും ശക്തിയും നൽകും. നമ്മൾ സ്നേഹത്തെക്കുറിച്ചും ഇഷ്ടങ്ങളെക്കുറിച്ചും വികാരങ്ങളെ കുറിച്ചും സംസാരിക്കുമ്പോൾ ബി.ജെ.പി. പ്രതിനിധീകരിക്കുന്ന രാഷ്ട്രീയം വെറുപ്പിനെ കുറിച്ചും വിദ്വേഷത്തെ കുറിച്ചും വർഗീയതയെ കുറിച്ചുമാണ് സംസാരിക്കുന്നത്. നമ്മൾ വിനയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അവർ അഹങ്കാരത്തോടെയുമാണ് ജനങ്ങളുമായി ഇടപെടുന്നത്. ഇത് ആശയപരമായ പോരാട്ടമാണ്. ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ്. എല്ലാ ഇന്ത്യക്കാരും തുല്യരാണ് എന്നാണ് ഭരണഘടന പറയുന്നത്. എന്നാൽ അദാനിയെ മാത്രം പ്രത്യേകമായി പരിഗണിക്കണമെന്നാണ് നരേന്ദ്രമോദി പറയുന്നത്. വയനാട്ടിൽ എന്തു ദുരന്തം ഉണ്ടായിക്കോട്ടെ, അവർക്ക് അർഹതപ്പെട്ടത് നൽകില്ല എന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഇ.ഡിയും സി.ബി.ഐയും അടക്കം എല്ലാം അന്വേഷണ ഏജൻസികളും അവരുടെ കയ്യിലുണ്ട്. എന്നാൽ ജനങ്ങളുടെ ഹൃദയം ഞങ്ങളിലാണ്. ബി.ജെ.പിയുടെ പ്രത്യശാസ്ത്രത്തെ പരാജയപ്പെടുത്തുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
വയനാടിന്റെ ജനപ്രതിയായി തെരഞ്ഞെടുത്തതിൽ ഹൃദയത്തിൻ്റെ ആഴത്തിൽ നിന്ന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു പ്രിയങ്ക ഗാന്ധി പ്രസംഗം ആരംഭിച്ചത്. നിങ്ങൾ എന്തു നൽകിയോ അതിന് താൻ ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്നും നന്ദി പറയുന്നു. 35 വർഷമായി ഞാൻ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു. ആദ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ജനങ്ങൾ തനിക്ക് എന്താണോ നൽകിയത് അതിൻ്റെ മൂല്യം നിലനിൽക്കുന്നത് സ്നേഹത്തിലും വിശ്വാസത്തിലുമാണ്. താൻ പാർലമെൻ്റിൽ ഉള്ളത് വയനാട്ടിൽ ജനങ്ങൾക്ക് വേണ്ടിയാണ്. ഇനി പാർലമെന്റിൽ താൻ ഉയർത്തുന്നത് വയനാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങളും പ്രതിസന്ധികളുമായിരിക്കും.
ബി.ജെ.പിയുടെ പെരുമാറ്റത്തിൽ യാതൊരുവിധ രാഷ്ട്രീയ മര്യാദയുമില്ല. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള അടിസ്ഥാനപരമായ വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥയാണ് രാജ്യത്ത് ഇപ്പോഴുള്ളത്. അതുപോലെ നമ്മളെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളിൽ വിശ്വാസം നഷ്ടപ്പെടുകയാണ്. നമ്മുടെ പോരാട്ടം രാജ്യത്തെ നിലനിർത്തുന്ന അടിസ്ഥാനം മൂല്യങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണ്. വയനാട് മണ്ഡലത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങളും കുറിച്ചും തനിക്ക് ആഴത്തിൽ അറിയാം, പ്രശ്നങ്ങൾ പരിഹരിക്കാൻ താൻ പോരാടും. ജനങ്ങൾക്ക് ഏത് സമയത്തും അവരുടെ പ്രശ്നങ്ങളുമായി തൻ്റെയടുത്ത് വരാമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഡി.സി.സി. പ്രസിഡൻ്റ് അഡ്വ. കെ. പ്രവീൺകുമാർ, അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ
എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുൻ കെ.പി.സി.സി. പ്രസിഡൻ്റ് കെ. മുരളീധരൻ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി അനിൽകുമാർ എം.എൽ.എ, കോർഡിനേറ്റർ ടി. സിദ്ദീഖ് എം.എൽ.എ, ചീഫ് കോഡിനേറ്റർ സി.പി. ചെറിയ മുഹമ്മദ്, എൻ. സുബ്രഹ്മണ്യൻ, അഡ്വ. പി.എം നിയാസ്, എം.എ റസാഖ്, കെ.സി അബു, കെ. ബാലനാരായണൻ, തിരുവമ്പാടി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സി.കെ. കാസിം, ജനറൽ കൺവീനർ ബാബു പൈക്കാട്ടിൽ, ട്രഷറർ ഷിനോയി എടക്കെപ്പാറ, എൻ.കെ അബ്ദുറഹിമാൻ, സി.ജെ അൻ്റണി പങ്കെടുത്തു.