newsdesk
കോഴിക്കോട്: സ്വകാര്യ ബസ് പണിമുടക്കിനിടെ സര്‍വ്വീസ് നടത്തിയ ബസ്സിനെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വടകര ആയഞ്ചേരി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ആദികൃഷ്ണ എന്ന ബസ്സാണ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയിരിക്കുന്നത്.
മുതലക്കുളത്ത് സമസ്തയുടെ പാലസ്തീന്‍ വിഷയത്തില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സംഗമത്തില്‍ പങ്കെടുക്കാന്‍ ആളുകളുമായി എത്തിയ ബസ്സാണ് കോഴിക്കോട് വെച്ച് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയത്. പെര്‍മിറ്റ് വയലേഷന്‍ നടത്തിയാണ് വാഹനം സര്‍വ്വീസ് നടത്തിയിരിക്കുന്നത്. കൂടാതെ ഇത്തരം പരിപാടികള്‍ക്കായി വാഹനം സര്‍വ്വീസ് നടത്തുമ്പോള്‍ എടുക്കേണ്ട പ്രത്യേക അനുമതി ഇല്ലാതെയുമാണ് വാഹനം സര്‍വ്വീസ് നടത്തിയതെന്നും ഇതിന്റെ പേരിലാണ് നടപടിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വാഹനവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളതായും അതിന് ശേഷം പിഴ ചുമത്തുന്നതാണെന്നും അറിയിച്ചു. ബുധനാഴ്ച്ച ആര്‍.ടി.ഒയ്ക്ക് മുന്‍പില്‍ ഹജരാവാന്‍ നിര്‍ദ്ദേശം നല്‍കിയതായും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പെര്‍മിറ്റ് വയലേഷന് മാത്രം 7000ത്തോളം രൂപയാണ് പിഴ അടയ്‌ക്കേണ്ടതായി വരിക.